ഇതാദ്യം, സ്വന്തം മണ്ണില്‍ പാകിസ്ഥാന് ചരിത്ര നാണക്കേട്; അടിച്ച് അടിവേരിളക്കി ബംഗ്ലാ കടുവകള്‍
Sports News
ഇതാദ്യം, സ്വന്തം മണ്ണില്‍ പാകിസ്ഥാന് ചരിത്ര നാണക്കേട്; അടിച്ച് അടിവേരിളക്കി ബംഗ്ലാ കടുവകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2024, 3:04 pm

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ പരമ്പര സ്വന്തമാക്കി കടുവകള്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും വിജയിച്ചാണ് ബംഗ്ലാദേശ് പാകിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്തത്. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.

റാവല്‍പിണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം.

സ്‌കോര്‍

പാകിസ്ഥാന്‍: 274 & 172

ബംഗ്ലാദേശ്: 262 & 185/4 (T: 185)

പാകിസ്ഥാന്‍ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടാം ഇന്നിങ്‌സില്‍ സാക്കിര്‍ ഹസന്‍, ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, മോമിനുല്‍ ഹഖ് എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.

സാക്കിര്‍ ഹസന്‍ 39 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ ഷാന്റോ 82 പന്ത് നേരിട്ട് 38 റണ്‍സും നേടി മടങ്ങി. 71 പന്തില്‍ 34 റണ്‍സാണ് മോമിനുല്‍ ഹഖ് നേടിയത്.

നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സയീം അയ്യൂബ്, ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, ആഘാ സല്‍മാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ ആദ്യ ഇന്നിങ്സില്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

അയ്യൂബ് 110 പന്തില്‍ 58 റണ്‍സും മസൂദ് 69 പന്തില്‍ 57 റണ്‍സും നേടി പുറത്തായി. 95 പന്തില്‍ 54 റണ്‍സാണ് സല്‍മാന്‍ സ്വന്തമാക്കിയത്.

മുന്‍ നായകന്‍ ബാബര്‍ അസമാണ് അടുത്ത മികച്ച റണ്‍ ഗെറ്റര്‍. 77 പന്ത് നേരിട്ട് 31 റണ്‍സാണ് ബാബര്‍ നേടിയത്. മോശം പ്രകടനം തുടരുന്ന ബാബര്‍ കഴിഞ്ഞ 600+ ദിവസമായി ടെസ്റ്റ് ഫിഫ്റ്റിക്കുള്ള കാത്തിരിപ്പിലാണ്.

ഈ കാത്തിരിപ്പ് വീണ്ടും നീളുമെന്നാണ് ബാബറിന്റെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. 2022 ഡിസംബറില്‍ കറാച്ചിയില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ബാബറിന്റെ അവസാന ടെസ്റ്റ് ഫിഫ്റ്റി പിറന്നത്.

ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് ഫൈഫര്‍ നേടി. താസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷാകിബ് അല്‍ ഹസനും നാഹിദ് റാണയും ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരത്തെക്കാള്‍ വേഗം തകര്‍ന്നടിഞ്ഞു. ടീം സ്‌കോര്‍ 26ല്‍ നില്‍ക്കവെ ആറ് മുന്‍നിര വിക്കറ്റുകളാണ് പാക് ബൗളര്‍മാര്‍ പിഴുതെറിഞ്ഞത്.

ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്‍ എന്നിവരടങ്ങുന്ന ടോപ്, മിഡില്‍ ഓര്‍ഡറില്‍ ഒരാള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ലിട്ടണ്‍ ദാസും മെഹ്ദി ഹസന്‍ മിറാസും ഒന്നിച്ചതോടെ ബംഗ്ലാദേശ് സ്‌കോര്‍ ബോര്‍ഡ് കോമയില്‍ നിന്നും ഉണര്‍ന്നു. ഏഴാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 165 റണ്‍സാണ് ബംഗ്ലാദേശിന്റെ വിധി തന്നെ മാറ്റി മറിച്ചത്.

26ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 191ലാണ്. അര്‍ധ സെഞ്ച്വറി നേടിയ മിറാസിനെ പുറത്താക്കി ഖുറാം ഷഹസാദാണ് കൂട്ടുകെട്ട് പൊളിച്ചത്. 124 പന്തില്‍ 78 റണ്‍സാണ് പുറത്താകുമ്പോള്‍ മിറാസിന്റെ പേരിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ താസ്‌കിന്‍ അഹമ്മദ് ഒരു റണ്‍ നേടി പുറത്തായി.

പത്താം നമ്പറിലിറങ്ങിയ ഹസന്‍ മഹ്‌മൂദിനെ ഒരറ്റത്ത് നിര്‍ത്തി ദാസ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒടുവില്‍ 79ാം ഓവറിലെ രണ്ടാം പന്തില്‍ ആഘാ സല്‍മാന് വിക്കറ്റ് നല്‍കി ദാസ് മടങ്ങി. 228 പന്തില്‍ 138 റണ്‍സാണ് ലിട്ടണ്‍ ദാസ് സ്വന്തമാക്കിയത്.

അതേ ഓവറിലെ നാലാം പന്തില്‍ നാഹിദ് റാണയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ആഘാ സല്‍മാന്‍ പാകിസ്ഥാന് 12 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡ് സമ്മാനിച്ചു.

ഖുറാം ഷഹസാദ് ആറ് വിക്കറ്റ് നേടിയപ്പോള്‍ മിര്‍ ഹംസയും ആഘാ സല്‍മാനും രണ്ട് വിക്കറ്റ് വീതം നേടി.

രണ്ടാം ഇന്നിങ്സില്‍ വെറും 172 റണ്‍സിനാണ് പാകിസ്ഥാന്‍ പുറത്തായത്. പാക് നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 71 പന്തില്‍ പുറത്താകാതെ 47 റണ്‍സ് നേടിയ ആഘാ സല്‍മാനാണ് ടോപ് സ്‌കോറര്‍. 43 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് ചെറുത്തുനില്‍പ്പിനെങ്കിലും ശ്രമിച്ചത്.

ബാബര്‍ അസം ഇത്തവണ 11 റണ്‍സ് നേടിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 28 റണ്‍സും ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുമായി ഹസന്‍ മഹ്‌മൂദ് തിളങ്ങി. നാഹിദ് റാണ ഫോര്‍ഫര്‍ നേടിയപ്പോള്‍ താസ്‌കിന്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

 

 

Content Highlight: BAN vs PAK: Bangladesh won the Test series against Pakistan for the first time