| Thursday, 20th September 2018, 7:13 pm

'ദുരഭിമാന കൊല' എന്ന പദം നിരോധിക്കണം, നടക്കുന്നത് ജാതിക്കൊലപാതകങ്ങള്‍: കാഞ്ച ഐലയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: വിവാഹത്തിന്റെ പേരില്‍ ദളിതര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെ “ദുരഭിമാന കൊല” എന്ന് വിളിക്കുന്നത് നിരോധിക്കണമെന്ന് ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ. ജാതികൊലകളാണ് നടക്കുന്നതെന്നും ഒരാളെ കൊല്ലുന്നതില്‍ എവിടെയാണ് അഭിമാനമുള്ളതെന്നും കാഞ്ച ഐലയ്യ പറഞ്ഞു.

“ജാതിയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ ദുരഭിമാന കൊലപാതകങ്ങളായി പറയുന്നത് എന്തുകൊണ്ടാണ് ? ദളിതരെ കൊല്ലുന്നത് ജാതിയുടെ പേരിലാണ് അതുകൊണ്ട് ജാതിക്കൊലകളെന്നാണ് വിളിക്കേണ്ടത്” കാഞ്ച ഐലയ്യ പറഞ്ഞു.

തെലങ്കാനയിലെ ജാതിവിവേചനങ്ങളും കൊലപാതകങ്ങളും തെരഞ്ഞെടുപ്പ് വിഷയമാക്കണമെന്നും കാഞ്ച ഐലയ്യ പറഞ്ഞു. നല്‍ഗൊണ്ടയില്‍ സവര്‍ണ്ണ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ദളിത് യുവാവ് പ്രണയ് കുമാറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കാഞ്ച ഐലയ്യ.

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ മിര്‍യല്‍ഗൊണ്ടയില്‍ വെച്ച് പ്രണയ്കുമാറിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഒരു കോടി രൂപയ്ക്കാണ് ക്വട്ടേഷനെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദളിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഹൈദരാബാദിലും ദമ്പതികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടാവുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more