സ്‌കൂളുകളില്‍ പാവാട നിരോധിക്കണം: രാജസ്ഥാന്‍ എം.എല്‍.എ
India
സ്‌കൂളുകളില്‍ പാവാട നിരോധിക്കണം: രാജസ്ഥാന്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st December 2012, 10:33 am

ജയ്പൂര്‍: പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പാവാട നിരോധിക്കണമെന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ.

പുരുഷന്മാരുടെ കാമക്കണ്ണുളില്‍ നിന്ന് പെണ്‍കുട്ടികളെ അകറ്റിനിര്‍ത്തുന്നതിനാണ് യൂണിഫോമില്‍ നിന്ന് പാവാടയെ ഒഴിവാക്കാന്‍ എം.എല്‍.എ നിര്‍ദേശിച്ചിരിക്കുന്നത്.[]

 

ബന്‍വാരി ലാല്‍ സിംഗല്‍ എം.എല്‍.എയാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി സി.കെ മാത്യുവിന് എഴുതിയ കത്തിലാണ് സ്‌കൂള്‍ യൂണിഫോം പാവാടയില്‍ നിന്ന് പാന്റിലേക്കോ സല്‍വാര്‍ കമീസിലേക്കോ മാറ്റണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

പുരുഷന്മാരുടെ അശ്ലീലമായ നോട്ടത്തില്‍ നിന്നും കാലാവസ്ഥയില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കുന്നതിനാണ് പുതിയ നിര്‍ദേശമെന്നാണ് ബന്‍വാരി സിംഗല്‍ പറയുന്നത്. പുതിയ നിര്‍ദേശം താലിബാന്‍ മോഡല്‍ പരിഷ്‌കരണമല്ലെന്നും പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല മറിച്ച് അവരെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ആണ്‍കുട്ടികള്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സിംഗല്‍ പറഞ്ഞു.