| Friday, 8th April 2016, 12:28 pm

നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; സ്വകാര്യ കമ്പനികളുടെ വിലക്ക് നീക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇമിഗ്രേഷന്‍ (ഇ.സി.ആര്‍) ക്ലിയറന്‍സ് ആവശ്യമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഉടന്‍ നീക്കും. പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് (പി.ജി.ഒ.ഇ) എം.സി ലൂഥര്‍ ഇക്കാര്യം ദല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി അറിയിച്ചു.

കേരള സര്‍ക്കാരിന്റെ നോര്‍ക്ക, ഒഡെപെക്, തമിഴ്‌നാട് ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയിലൂടെ മാത്രമേ നഴ്‌സുമാരെ 18 ഇ.സി.ആര്‍ രാജ്യങ്ങളിലേക്കു റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂവെന്നും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫിസില്‍നിന്ന് അനുമതി വേണമെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രവാസികാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഈ ഉത്തരവു ഭേദഗതി ചെയ്യുമെന്നു ലൂഥര്‍ വ്യക്തമാക്കി.

ആദ്യം സൗദി അറേബ്യയിലേക്കും തുടര്‍ന്ന് മറ്റ് ഇ.സി.ആര്‍ രാജ്യങ്ങളിലേക്കും സ്വകാര്യ ഏജന്‍സികള്‍ക്കുള്ള റിക്രൂട്‌മെന്റ് അനുമതി പുനഃസ്ഥാപിക്കും. എന്നാല്‍, നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ മാറ്റില്ലെന്നും പി.ജി.ഒ.ഇ വിശദീകരിച്ചു. പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ എം.കെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഹിബ എക്‌സ്‌പോര്‍ട്‌സ്, അസോസിയേഷന്‍ ഓഫ് ഓവര്‍സീസ് റിക്രൂട്ടിങ് ഏജന്റ്‌സ്, സോണിയ ഇന്റര്‍നാഷനല്‍ തുടങ്ങിയവ നല്‍കിയ ഹര്‍ജികളാണു ജസ്റ്റിസ് മന്‍മോഹന്റെ ബെഞ്ച് പരിഗണിച്ചത്.

പി.ജി.ഒ.ഇ വ്യക്തമാക്കിയ നടപടികളിലെ പുരോഗതി, 27നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയെ അറിയിക്കും. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവുമൂലമുണ്ടായ പ്രതിസന്ധി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ഉള്‍പ്പെടെയുള്ളവരുമായി താന്‍ ചര്‍ച്ചചെയ്‌തെന്നും പി.ജി.ഒ.ഇ കോടതിയില്‍ പറഞ്ഞു. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫിസുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അദ്ദേഹം വിശദീകരിച്ചു. ഹര്‍ജിക്കാര്‍ക്കുവേണ്ടി റോമി ചാക്കോ, ജോസഫ് കോശി, കീര്‍ത്തി ഉപ്പല്‍ എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി കീര്‍ത്തിമാന്‍ സിങ്ങും ഹാജരായി.

We use cookies to give you the best possible experience. Learn more