കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചു
Kerala
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2013, 9:46 pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സംഘടനാപ്രവര്‍ത്തനം നിരോധിച്ചു. വൈസ് ചാന്‍സലര്‍ എം.അബ്ദുള്‍ സലാമിന്റെ നിര്‍ദ്ദേശപ്രകാരം  രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ട്.

എസ്.എഫ്.ഐ വിവിധ കേന്ദ്രങ്ങളില്‍ വി.സിയുടെ ഉത്തരവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധവുമായി രംഗത്തെത്തി. []

കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിവരുന്നത് അക്കാദമിക് താത്പര്യങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനാപ്രവര്‍ത്തനം നിരോധിക്കുന്നതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ഥി സംഘടനകള്‍ക്ക് മാത്രമല്ല ഉത്തരവ് ബാധകം, അധ്യാപക, അനധ്യാപക സംഘടനകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നതോടെ കാമ്പസില്‍ പ്രകടനം നടത്താനോ പോസ്റ്ററുകള്‍ പതിക്കാനോ പാടില്ലെന്നും സര്‍ക്കലറിലുണ്ട്.

മുസ്ലീം ലീഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് എം.അബ്ദുള്‍ സലാം കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറാകുന്നത്. വി.സിയുടെ ഏകപക്ഷീയമായ പല തീരുമാനങ്ങളും വിവാദമായതോടെ അബ്ദുള്‍ സലാമിനെ മാറ്റാന്‍ ലീഗ് തത്വത്തില്‍ തീരുമാനിച്ചിരുന്നു.

ഇതിനിടെയാണ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള വി.സിയുടെ ശ്രമം. അബ്ദുള്‍ സലാമിന്റെ വിവാദ നടപടികള്‍ക്കെതിരെ മുമ്പും അധ്യാപക അനധ്യാപക സംഘടനകളും വിവിധ വിഷയങ്ങളില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ഇത്തരം എതിര്‍പ്പുകളെ ഏകപക്ഷീയമായി അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയം നിരോധിക്കുന്നതെന്നാണ് വിമര്‍ശനം.

സര്‍വകലാശാലയിലെ അഴിമതി ചര്‍ച്ചയാകാതിരിക്കുന്നതിന് വേണ്ടിയാണ് വി.സി പുതിയ ഉത്തരവുമായി രംഗത്തെത്തിയതെന്ന് യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. സര്‍വകലാശാല നിയമങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ തത്സ്ഥാനത്ത് നിന്നും നീക്കാനിരിക്കെയാണ് വി.സിയുടെ പുതിയ നടപടിയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.