| Saturday, 22nd December 2012, 8:53 am

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ജനവരി മുതല്‍ ബഹിഷ്‌കരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനവരി ഒന്നു മുതല്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഹകരണത്തോടെ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ബഹിഷ്‌കരിക്കുമെന്ന് സംയുക്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. []

നഗരസഭയിലെ നൂറ് വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനവിദ്യാര്‍ഥി സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെയും നേതൃത്വത്തില്‍ ആയിരം സ്‌ക്വാഡുകള്‍ രൂപവത്കരിക്കും.

ഈമാസം 29ന് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ജനവരി ഒന്നിനുശേഷം പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പിക്കറ്റ് ചെയ്യും.

ഇതിന്റെ ഭാഗമായി കച്ചവടസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നത് തടയുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വിദ്യാലയങ്ങള്‍, തെരുവുകള്‍ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെല്ലാം സ്‌ക്വാഡ് പ്രചാരണ പ്രവര്‍ത്തനം നടത്തും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് പ്രചാരണ ഘോഷയാത്രകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more