| Sunday, 2nd June 2024, 12:59 pm

ജമ്മു കശ്മീരിലെ കത്രയില്‍ പുകയില ഉപഭോഗം നിരോധിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പുകയില ഉപഭോഗം നിരോധിച്ച് ജമ്മു കശ്മീരിലെ കത്ര പട്ടണം. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് കത്രയില്‍ പുകയില നിരോധിക്കാനുള്ള ഉത്തരവിറക്കിയത്.

മാതാ വൈഷ്‌ണോ ദേവിയുടെ ഗുഹാക്ഷേത്രമായ കത്രയില്‍ സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പന്നങ്ങളുടെയും വില്‍പ്പനയും കൈവശം വയ്ക്കലും ഉപഭോഗവും ജമ്മു കശ്മീര്‍ ഭരണകൂടം ശനിയാഴ്ച നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന പുണ്യകേന്ദ്രത്തിന്റെ പവിത്രത നില നിര്‍ത്താനാണ് ഇത്തരത്തിലുള്ള നിരോധനം ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് വിശേഷ് മഹാജന്‍ പറഞ്ഞു.

മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പ്പന, കൈവശം വയ്ക്കല്‍, ഉപഭോഗം എന്നിവ കത്രയിലും സമീപ പ്രദേശങ്ങളിലും ഇതിനകം തന്നെ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പുണ്യ കേന്ദ്രങ്ങളുടെ പവിത്രതക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കത്രയില്‍ ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുക വഴി അത് ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം വലുതാണെന്നും, ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഇത് വലിയൊരു തുടക്കമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

‘സെക്ഷന്‍ 144 പ്രകാരം താരാ കോടതി ട്രാക്ക് വഴി ഭവന്‍ വരെയുള്ള പ്രദേശങ്ങളില്‍ സിഗരറ്റ്, ഗുട്ഖ, മറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ സംഭരണം, വില്‍പ്പന, ഉപഭോഗം എന്നിവ ഞങ്ങള്‍ നിരോധിച്ചിട്ടുണ്ട്,’ വിശേഷ് മഹാജന്‍ പറഞ്ഞു.

പ്രതിദിനം 30,000-40,000 തീര്‍ത്ഥാടകര്‍ യാത്രയില്‍ എത്തുന്നുണ്ട്. അത് കൊണ്ട് തന്നെ കത്രയിലെ മുഴുവന്‍ പ്രദേശവും പുകയില മുക്തമാക്കാനാണ് ലക്ഷ്യമെന്നും മഹാജന്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തിന് ഇത് ഗുണം ചെയ്യുമെന്നും മഹാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Ban on tobacco consumption in J-K’s Katra town

We use cookies to give you the best possible experience. Learn more