| Friday, 28th December 2018, 6:07 pm

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; മധ്യപ്രദേശില്‍ ചിത്രത്തിന് വിലക്കുണ്ടെന്നത് ബി.ജെ.പി സൃഷ്ടിച്ച വ്യാജ വാര്‍ത്തയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന കാലത്തെ മന്‍മോഹന്‍ സിങ്ങിന്‍റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നതിന് മധ്യപ്രദേശില്‍ യാതൊരു വിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാലിത് ബി.ജെ.പിയുടെ തെറ്റായ പ്രചരണമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല വിശദീകരണവുമായി രംഗത്തെത്തി. “ഇത് തെറ്റാണ്. മധ്യപ്രദേശ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ല”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പിയുടെ ഭരണപരാജയം മറച്ചു വെക്കാന്‍ ഗൗരവമേറിയ വിഷയങ്ങളില്‍ നിന്നും ചര്‍ച്ച തിരിച്ചു വിടാനുള്ള വ്യാജ പ്രചരണമാണിതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ വ്യാജ പ്രചരണങ്ങള്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും ഞങ്ങളെ പിന്തിരപ്പിക്കില്ല. രാജ്യത്തിന് വേണ്ടത് നല്ല ഭരണമാണ്, വഴി തിരിച്ചു വിടലല്ല”- അദ്ദേഹം ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിനെതിരായ പ്രചരണങ്ങള്‍ വിലപ്പോവില്ലെന്നും സത്യം വിജയിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നതിനു പിന്നാലെ ചിത്രത്തെ ചൊല്ലിയുള്ള ബി.ജെ.പി- കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാവുകയാണ്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. റിലീസിനു മുമ്പ് പ്രത്യേക സ്‌ക്രീനിങ്ങ് അനുവദിച്ചില്ലെങ്കല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ മറ്റു വഴികള്‍ നോക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ചിത്രത്തില്‍ വസ്തുതകള്‍ വളച്ചൊടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക പ്രദര്‍ശനം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയച്ചത്. ചിത്രത്തില്‍ വസ്തുകള്‍ തെറ്റായി ചിത്രീകരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണിതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വാദം.

അനുപം ഖേര്‍ മന്‍മോഹന്‍ സിങ്ങിനെ അവതരിപ്പിക്കുന്ന ചിത്രം കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. ദി ആക്സിഡെന്റല്‍ പ്രൈം മിനിസ്റ്ററില്‍” സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട് ആണ്. ചിത്രം ജനവരി 10ന് തിയ്യേറ്ററുകളിലെത്തും.

Latest Stories

We use cookies to give you the best possible experience. Learn more