ടെല്‍ അവീവ്: വിലക്ക് നേരിടുന്ന നെതന്യാഹുവിനെതിരായ ഡോക്യുമെന്ററി കാണുന്നതിനായി ഇസ്രഈലികള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ‘ദി ബിബി ഫയല്‍സ്’ എന്ന ഡോക്യുമെന്ററിയാണ് ഇസ്രഈലില്‍ വിലക്ക് നേരിടുന്നത്. ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനാണ് ഡോക്യുമെന്ററി വിലക്ക് നേരിടുന്നത്.
ഇതോടെ വി.പി.എന്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഉപയോഗിച്ചാണ് ഡോക്യുമെന്ററി കാണാന്‍ ഇസ്രഈലികള്‍ ശ്രമം നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഡോക്യുമെന്ററിയുടേതായി ലീക്ക് ചെയ്യപ്പെട്ട ഭാഗങ്ങളും ആളുകള്‍ തിരയുന്നുണ്ട്.
അലക്‌സിസ് ബ്ലൂം ആണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. വിഖ്യാതനായ ഡോക്യുമെന്റേറിയനും ഓസ്‌കാര്‍ ജേതാവുമായ അലക്‌സ് ഗിബ്നിയാണ് അലക്‌സിസ് ബ്ലൂമിനെ ഈ ദൗത്യം ഏല്‍പ്പിച്ചത്.
റിപ്പോര്‍ട്ട് അനുസരിച്ച് ഇസ്രഈലിനെ സംബന്ധിച്ച് ഒരു സിനിമ നിര്‍മിക്കുക എന്ന ലക്ഷ്യം ഗിബ്നിയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2023 അവസാനമായതോടെ ഇത്തരത്തില്‍ ഒരു ആഗ്രഹം അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടാവുകയായിരുന്നുവെന്നാണ് പറയുന്നത്.
2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചത്. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രഈല്‍ യുദ്ധം ആരംഭിക്കുകയായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ 44,805 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 106,257 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഈ അന്തരീക്ഷം നെതന്യാഹുവിനെയും ഇസ്രഈലിനെയും കുറിച്ച് ഡോക്യുമെന്ററിയെടുക്കാന്‍ ഗിബ്നിയില്‍ സ്വാധീനം ചെലുത്തിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുപിന്നാലെയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യാന്‍ ഗിബ്നി ബ്ലൂമിനെ സമീപിക്കുന്നത്.
ഡോക്യുമെന്ററിയുടെ നിര്‍മാണത്തിനായി ഗിബ്നി ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ രവിവ് ഡ്രക്കറുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നെതന്യാഹുവിനെതിരായ അഴിമതി കേസുകളാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.
സിഗ്നല്‍ മെസേജിങ് ആപ്പ് മുഖേന നെതന്യാഹു, പങ്കാളി സാറ, മകന്‍ യെയര്‍, സുഹൃത്തുക്കള്‍, എന്നിവരുമായി പൊലീസ് നടത്തിയ അഭിമുഖങ്ങള്‍ ഗിബ്നി കണ്ടെത്തിയതായും വിവരമുണ്ട്. അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് ഈ അഭിമുഖങ്ങള്‍ എല്ലാം നടത്തിയിരിക്കുന്നത്.
1000ത്തിലധികം റെക്കോഡിങ്ങുകള്‍ ഗിബ്നിയുടെ കൈവശമുണ്ടെന്ന് ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡോക്യുമെന്ററിയില്‍ നെതന്യാഹുവിനെ അഴിമതിക്കാരനും മോശക്കാരനുമാക്കി ചിത്രീകരിക്കുമെന്ന് നിരൂപകന്‍ നിര്‍ വുള്‍ഫ് ഇസ്രഈല്‍ ഹയോം പേപ്പറില്‍ എഴുതി.
എന്നാല്‍ ഇസ്രഈല്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് ശരിയായ നീക്കമാണെന്നും അത് സെമിറ്റിക് വിരുദ്ധമല്ലെന്നും അലക്സിസ് ബ്ലൂം പറഞ്ഞു. ഡോക്യുമെന്ററി ഇസ്രഈല്‍ വിരുദ്ധമല്ലെന്നും ബ്ലൂം ചൂണ്ടിക്കാട്ടി. പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ ജോൾട്ട് ഫിലിമിൽ ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നുണ്ട്.
Content Highlight: Ban on streaming; Israelis seek alternative ways to watch anti-Netanyahu documentary