ഒടുവിൽ ആരാധകർ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. സാക്ഷാൽ റൊണാൾഡോ ഇനി സൗദി അറേബ്യൻ മണ്ണിൽ കളിക്കും. അൽ നസർ ക്ലബ്ബുമായി 200 മില്യൺ യൂറോയുടെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്. 2025 വരെ താരത്തിന് ക്ലബ്ബുമായി കരാർ ഉണ്ടാകും.
എന്നാൽ റൊണാൾഡോക്ക് അൽ നാസറിൽ ഉടൻ കളിക്കാൻ സാധിക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് താരം ഒരു ആരാധകനോട് മോശമായി പെരുമാറിയിരുന്നു. എവർട്ടണ് എതിരായ മത്സരത്തിലായിരുന്നു സംഭവം.
പതിനാല്കാരനായ ആരാധകനോട് റോണോ മോശമായി പെരുമാറുകയും ഫോൺ തട്ടി മാറ്റുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം ആരംഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ റോണോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും റൊണാൾഡോക്ക് 50000 പൗണ്ട് പിഴയും 2 മത്സരങ്ങളിൽ നിന്ന് വിലക്കും ഏർപ്പെടുത്തിയിരുന്നു.
താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും പുറത്ത് വന്നിരുന്നു. എന്നാലും ഇനി കളിക്കുന്ന ഏത് ലീഗിലെയും ആദ്യ രണ്ട് മത്സരങ്ങൾക്ക് ഈ വിലക്ക് ബാധകമാകും.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ റൂൾ മൂന്ന് അനുസരിച്ചാണ് ഈ വിലക്ക് ബാധകമാവുക.
അത് കൊണ്ട് തന്നെ അൽ നസറിന് വേണ്ടി ജനുവരിയിൽ നടക്കുന്ന ആദ്യ രണ്ട് ലീഗ് മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിക്കില്ല.
ഇതോടെ ജനുവരി 21ന് ഇത്തിഫാക്കിനെതിരെയുള്ള മത്സരത്തിലാകും താരം സൗദിയിൽ അരങ്ങേറ്റം കുറിക്കുക.
എന്നാൽ ലോകകപ്പ് പോലുള്ള രാജ്യാന്തര മത്സരങ്ങൾക്ക് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നിയമം ബാധകമാവാത്തത് കൊണ്ടാണ് റോണോക്ക് ലോകകപ്പ് മത്സരങ്ങൾ തടസമില്ലാതെ കളിക്കാൻ സാധിച്ചത്.
അതേസമയം തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.
ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും യുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം പിരിയുകയായിരുന്നു.
Content Highlights:ban on ronaldo; The first match in Saudi will be delayed