Kerala News
പോപ്പുലര്‍ ഫ്രണ്ട് നിരോധനം: നടപടികള്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍, ഓഫീസുകള്‍ സീല്‍ ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 29, 03:28 am
Thursday, 29th September 2022, 8:58 am

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ പി.എപ്.ഐക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവെക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. നടപടികള്‍ ക്രമീകരിക്കാന്‍ ഡി.ജി.പി ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ട് കേന്ദ്ര നിര്‍ദേശം വന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തെ പി.എഫ്.ഐ നേതാക്കളെയും ഓഫീസുകളേയും കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിവരികയായിരുന്നു. ഇതില്‍ ഇരുനൂറിലധികം നേതാക്കളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ആദ്യ ഘട്ട റെയ്ഡ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷം രണ്ടാം ഘട്ടമായി വീണ്ടും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് പി.എഫ്.ഐയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. ക്യാമ്പസ് ഫ്രണ്ട്, എന്‍.സി.എച്ച്.ആര്‍.ഒ, വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു.

Content Highlight: Ban on Popular Front: State Govt to step up measures, offices will be sealed, reports