| Sunday, 7th April 2019, 2:14 pm

ലോക്സഭാ തെരഞ്ഞെടുപ്പ്; ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ഹൈവേയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്കുള്ള വിലക്ക് പ്രാബല്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് പൗരന്മാരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു അധികൃതരുടെ വാദം.

പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലുമാണ് യാത്രാവിലക്ക്. ബാരാമുല്ലയില്‍ നിന്ന് ഉദ്ധംപൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമാകും. മെയ് 31 വരെ യാത്രാവിലക്ക് തുടരും.

Also Read രാഹുല്‍ ഗാന്ധി വഞ്ചിച്ചു എന്ന തോന്നലില്ല, എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല; സീതാറാം യെച്ചൂരി

ഇന്ത്യന്‍ ആര്‍മി, പൊലീസ്, സെന്‍ട്രല്‍ റിസേര്‍വ് പൊലീസ് ഫോഴ്‌സ് തുടങ്ങിയ സേനാ ഉദ്യോഗസ്ഥരെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും വിന്യസിക്കും. അടിയന്തരഘട്ടങ്ങളില്‍ മജിസ്ട്രേറ്റിന്റെ അനുവാദത്തോടു കൂടി ശക്തമായ പരിശോധനയ്ക്കു ശേഷം മാത്രം പ്രസ്തുത വാഹനം കടത്തിവിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഗ്രേറ്റര്‍ കശ്മീര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അടിയന്തരഘട്ടങ്ങളില്‍ പൗരന്മാര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനേയോ അഡീഷന്‍ ഡെപ്യൂട്ടി കമ്മീഷണറെയോ വിവരം അറിയിക്കണമെന്ന് ഉദ്ധംപൂര്‍ ജില്ല മജിസ്‌ട്രേറ്റ് പിയുഷ് സിങ്ക്‌ള പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് ദേശീയ പാതയില്‍ പൗരന്മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തീരുമാനം ഇതാദ്യമാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനുള്ള നീക്കമായാണ് സഞ്ചാര വിലക്ക് വിലയിരുത്തപ്പെടുന്നത്.

We use cookies to give you the best possible experience. Learn more