| Wednesday, 20th January 2021, 9:42 pm

മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം; രാമക്ഷേത്രത്തെപ്പറ്റിയുള്ള കെ.എസ് ഭഗവാന്റെ പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എഴുത്തുകാരന്‍ കെ.എസ് ഭഗവാന്റെ രാമക്ഷേത്രത്തെപ്പറ്റിയുള്ള പുസ്തകം പൊതു ലൈബ്രറികളില്‍ നിന്ന് ഒഴിവാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. രാമ മന്ദിര യെകെ ബേഡാ (എന്തുകൊണ്ട് രാം മന്ദിര്‍ ആവശ്യമില്ല) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതു ജനവികാരത്തെ അപമാനിക്കുന്ന രീതിയിലാണ് പുസ്തകം. ഇത്തരത്തിലുള്ള പുസ്തകം വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം തന്റെ പുസ്തകം ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭഗവാന്‍ രംഗത്തെത്തിയിരുന്നു.

‘ലൈബ്രറി പട്ടികയില്‍ നിന്ന് എന്റെ പുസ്തകം ഒഴിവാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. പൊതു ലൈബ്രറികള്‍ എല്ലാവര്‍ക്കുമുള്ളതാണ്. എല്ലാ പുസ്തകങ്ങളും വ്യത്യസ്ത വീക്ഷണങ്ങളും വായിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഒരു പ്രത്യേക പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് ലൈബ്രറികളെ മാറ്റാന്‍ സര്‍ക്കാരിന് കഴിയില്ല’, ഭഗവാന്‍ പറഞ്ഞു.

നേരത്തെ ഹിന്ദുത്വ സംഘടനകള്‍ പുസ്തകത്തിനെതിരേ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കന്നഡ എഴുത്തുകാരന്‍ ദോദാരഞ്ച് ഗൗഡയുടെ നേതൃത്വത്തിലുള്ള പബ്ലിക് ലൈബ്രറി ബുക്ക് സെലക്ഷന്‍ കമ്മിറ്റി ഈ പുസ്തകം വാങ്ങാനുള്ള ശിപാര്‍ശ പിന്‍വലിക്കുകയായിരുന്നു.

‘പുസ്തകം പൊതു വികാരത്തെ വ്രണപ്പെടുത്തുന്നുണ്ട്. എങ്കിലും പുസ്തകത്തെ പൊതു ലൈബ്രറികളുടെ ഭാഗമാക്കാമെന്ന് ഞങ്ങള്‍ ആദ്യം കരുതി. ഇത് വായനക്കാര്‍ക്ക് വിവിധ വീക്ഷണങ്ങള്‍ നല്‍കുന്നു, എന്നാല്‍ ഹിന്ദുത്വ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനാല്‍ പുസ്തകം വാങ്ങാനുള്ള ശിപാര്‍ശ പിന്‍വലിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു’, ഗൗഡ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Ban On K S Bhagvan’s Book About Ram temple

We use cookies to give you the best possible experience. Learn more