ന്യൂദല്‍ഹി: വിവാദ ഡോക്യുമെന്ററി “ഇന്ത്യാസ് ഡോട്ടര്‍” നുള്ള നിരോധനം പിന്‍വലിക്കുന്നത് സംബന്ധിച്ച് പെട്ടെന്നുള്ള വാദം കേള്‍ക്കലിന് ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്കായി കോടതി വിട്ടു. മാര്‍ച്ച് 18നാണ് കേസില്‍ വാദം കേള്‍ക്കുകയെന്ന് കോടതി അറിയിച്ചു.
ഡോക്യുമെന്ററിയുടെ നിരോധനം സംബന്ധിച്ച് തിടുക്കത്തില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മൂന്ന് നിയമ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി കഴിഞ്ഞ തിങ്കളാഴ്ച കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബി.ഡി അഹമ്മദ്, വിഭു ബക്രു എന്നിവരടങ്ങിയ ബെഞ്ചാണ് ഇവരുടെ ആവശ്യം തള്ളിയിരുന്നത്.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കൊണ്ട് വാര്‍ത്തവിതരണ മന്ത്രാലയം മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദല്‍ഹി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഇന്ത്യയില്‍ തടഞ്ഞിരുന്നത്.