എക്സിറ്റ് പോളുകൾക്ക് നിരോധനം; മേയ് 19 വരെ പാടില്ല
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എക്‌സിറ്റ് പോളുകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് മുതൽ വിലക്ക്. വോട്ടെടുപ്പ് പൂർത്തിയാകുന്ന മേയ് 19 വൈകുന്നേരം 6:30 വരെ വിലക്ക് നിലനിൽക്കും. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയും ഓൺലൈൻ മാധ്യമങ്ങൾ പോലുള്ള മറ്റ് മാധ്യമങ്ങള്‍ വഴിയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളും വിജയസാധ്യതാ വിലയിരുത്തലുകളും പ്രസിദ്ധീകരിക്കാനോ സംപ്രേക്ഷണം ചെയ്യാനോ പാടുള്ളതല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
തെരഞ്ഞെടുപ്പ് അഭിപ്രായ സർവേകൾക്ക് അതത് ഘട്ടം വോട്ടെടുപ്പ് ദിവസം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വിലക്ക് നിലവിൽ വരും. വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുന്‍പുള്ള സമയം അഭിപ്രായ സര്‍വേകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ അനുവദിക്കുന്നതല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
അതേസമയം, പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർ പ്രദേശിലെ 80ൽ എട്ട് സീറ്റുകളിൽ ഇന്ന് പോളിങ് നടക്കും.