| Sunday, 26th May 2019, 8:36 pm

ഗോരക്ഷകരുടെ ആക്രമണം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം സമ്പൂര്‍ണ്ണ ഗോവധ നിരോധനം; രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം സമ്പൂര്‍ണ്ണ ഗോവധ നിരോധനമാണെന്ന് പതജ്ഞലി സ്ഥാപകന്‍ രാംദേവ്.

‘മാംസം കഴിക്കണമെന്നുള്ളവര്‍ക്ക് മറ്റ് പലതരം മാംസങ്ങളും ലഭ്യമാണ്’- രാംദേവ് പറഞ്ഞതായി സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യ നിരോധനവും നടപ്പിലാക്കണമെന്ന് രാംദേവ് ആവശ്യപ്പെട്ടു.

‘ഇസ്‌ലാമിക രാജ്യങ്ങളില്‍ മദ്യം നിരോധിച്ചിട്ടുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളില്‍ അത് നിരോധിക്കാന്‍ സാധിക്കുമെങ്കില്‍ എന്തു കൊണ്ട് ഇന്ത്യയില്‍ സാധിക്കില്ല. ഇത് സാധുക്കളുടെ നാടാണ്. ഇന്ത്യയിലും സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കണം’- രാംദേവ് പറയുന്നു.

അതേസമയം, രാജ്യത്ത് ഗോവധ നിരോധനം നിലനില്‍ക്കുന്ന ഹിന്ദി ബെല്‍റ്റിലാണ് കൂടുതലായി പശുവിനെ ചൊല്ലിയുള്ള ആക്രമങ്ങള്‍ നടക്കുന്നതെന്നതാണ് വസ്തുത.

രാജ്യത്ത് ജനസഖ്യം നിരക്ക് വര്‍ധിക്കുന്നത് തടയാന്‍ കുടുംബങ്ങളിലെ മൂന്നാമത്തെ കുട്ടിയുടെ വോട്ടവകാശം എടുത്തുകളയണമെന്നും രാംദേവ് പറയുന്നു. നേരത്തെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം എടുത്തുകളയണമെന്ന് രാംദേവ് ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേരെ സംഘപരിവാര്‍ ആക്രമിച്ചിരുന്നു. ഓട്ടോയില്‍ പോവുകയായിരുന്ന ഇവര്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ചായിരുന്നു കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നു.

കൂടെയുണ്ടായിരുന്ന സ്ത്രീയെ ചെരിപ്പ് കൊണ്ട് മര്‍ദിക്കാന്‍ ആക്രമികള്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. മര്‍ദ്ദനത്തിനിടെ തങ്ങളെ കൊണ്ട് ‘ജയ് ശ്രീരാം’ വിളിപ്പിച്ചതായും യുവാക്കള്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more