ശ്രീനഗര്‍:ജമ്മു കശ്മീരില്‍ 4ജി-5ജി നെറ്റ്‌വര്‍ക്ക് സേവനങ്ങളുടെ നിരോധനം ഫെബ്രുവരി 24 ലേക്ക് കൂടി നീട്ടി. താഴ്‌വാരയിലെ സമാധാനം ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാലാണ് ഇന്റര്‍നെറ്റ് നിയന്ത്രണം കൂടുതല്‍ ദിവസത്തേക്ക് കൂടി വര്‍ധിപ്പിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ 2ജി സേവനങ്ങള്‍ മാത്രമാണ് കശ്മീരില്‍ ലഭ്യമാകുന്നത്. സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായി ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ചെയ്യരുതെന്ന് ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം അഞ്ച് മാസങ്ങള്‍ കഴിഞ്ഞ് ജനുവരി 24 നാണ് 2ജി നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. അതേസമയം അധികൃതര്‍ അനുവദിച്ച് നല്‍കിയിട്ടുള്ള 301 വെബ്‌സൈറ്റുകള്‍ മാത്രമെ കശ്മീരികള്‍ക്ക് ലഭ്യമാകൂ.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള തീരുമാനത്തിനെതിരെ പൊതുവികാരമുയരുമെന്ന് കണക്കൂകൂട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് അഞ്ചാം തിയതി കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ ജനുവരി പത്തിനു സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ജനങ്ങളുടെ മൗലികാവകാശമാണ് ഇതെന്നും ഇത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ വിവിധ സര്‍ക്കാരുകളും രാജ്യമെമ്പാടുമുള്ള സാമൂഹ്യ, മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു.