| Friday, 6th August 2021, 7:45 pm

നവരസയുടെ പത്രപ്പരസ്യത്തില്‍ ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചു; നെറ്റ്ഫ്‌ളിക്‌സ് നിരോധിക്കാന്‍ ട്വിറ്ററില്‍ ക്യാംപെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ നവരസയുടെ പത്രപ്പരസ്യത്തില്‍ ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍. പാര്‍വ്വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇന്‍മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചത്.

തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്ന് ട്വിറ്ററില്‍ ബാന്‍ നെറ്റ്ഫ്ളിക്സ് ക്യാംപെയ്ന്‍ നടക്കുകയാണ്.

ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും നെറ്റ്ഫ്ളിക്സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണമെന്നുമാണ് ട്വിറ്ററില്‍ ക്യാംപെയിന്റെ ഭാഗമായി ഉയരുന്ന ആവശ്യം.

അതേസമയം നവരസ ഇന്ന് ഉച്ചക്ക് 12.30നാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

എ.ആര്‍. റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.

നവരസയിലെ 9 ചിത്രങ്ങള്‍

പ്രണയത്തെ അടിസ്ഥാനമാക്കി ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’
സംവിധാനം- ഗൗതം മേനോന്‍
അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്‍ട്ടിന്‍

വീരം പ്രമേയമാക്കി ‘തുനിന്ദ പിന്‍’
സംവിധാനം സര്‍ജുന്‍ അഭിനേതാക്കള്‍ അഥര്‍വ, അഞ്ജലി, കിഷോര്‍

രൗദ്രത്തെ അടിസ്ഥാനമാക്കി ‘രൗതിരം’
സംവിധാനം അരവിന്ദ് സ്വാമി അഭിനേതാക്കള്‍ റിത്വിക, ശ്രീറാം, രമേശ് തിലക്

കരുണം ആസ്പദമാക്കി ‘എതിരി’
സംവിധാനം ബിജോയ് നമ്പ്യാര്‍ അഭിനേതാക്കള്‍ വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍

ഹാസ്യം പ്രമേയമാക്കി ‘സമ്മര്‍ ഓഫ് 92’
സംവിധാനം പ്രിയദര്‍ശന്‍ അഭിനേതാക്കള്‍ യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു

അത്ഭുതത്തെ ആസ്പദമാക്കി ‘പ്രോജക്റ്റ് അഗ്‌നി’
സംവിധാനം കാര്‍ത്തിക് നരേന്‍ അഭിനേതാക്കള്‍ അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ

ഭയാനകം അടിസ്ഥാനമാക്കി ‘ഇന്‍മയ്’
സംവിധാനം രതിന്ദ്രന്‍ പ്രസാദ്
അഭിനേതാക്കള്‍ സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്

ശാന്തം ആസ്പദമാക്കി ഒരുക്കുന്ന ‘സമാധാനം’
സംവിധാനം കാര്‍ത്തിക് സുബ്ബരാജ് അഭിനേതാക്കള്‍ ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത്

ബീഭത്സം പ്രമേയമാക്കി ‘പായസം’
സംവിധാനം വസന്ത് അഭിനേതാക്കള്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ban Netflix Campaign Navarasa

We use cookies to give you the best possible experience. Learn more