| Friday, 27th October 2017, 11:18 am

താജ്മഹലില്‍ മുസ്‌ലീങ്ങള്‍ നിസ്‌കരിക്കുന്നത് അവസാനിപ്പിക്കുക; അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥനയ്ക്ക് കൂടി അനുമതി നല്‍കുക: ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: താജ്മഹലില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന നിസ്‌കാരം നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് ഹിസ്റ്ററി വിങ് സംഘ് അഖില്‍ ഭാരതീയ് ഇതിഹാസ് സംഘലന്‍ സമിതി.

താജ്മഹല്‍ എന്നത് ഒരു ദേശീയ പാരമ്പര്യം കൂടിയാണ്. പിന്നെ എന്തിന് മുസ്‌ലീങ്ങളുടെ മതപരമായ സ്ഥലമായി അവിടം ഉപയോഗിക്കാന്‍ അനുവദിക്കണം എന്നായിരുന്നു സംഘടനയുടെ ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെയുടെ ചോദ്യം.
താജ്മഹലില്‍ നിസ്‌കാരത്തിന് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇനി അഥവാ മുസ്‌ലീങ്ങള്‍ക്ക് നിസ്‌കാരത്തിന് അനുമതി നല്‍കുകയാണെങ്കില്‍ അവിടെ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥന നടത്താനുള്ള സൗകര്യം കൂടി അനുവദിക്കണമെന്നും പാണ്ഡെ പറയുന്നു. ഇന്ത്യ ടുഡെയോട് സംസാരിക്കവേയായിയിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. എല്ലാ വെള്ളിയാഴ്ചകളിലും ജുമഅ നിസ്‌കാരത്തിനായി താജ്മഹല്‍ നിശ്ചിത സമയത്തേക്ക് അടക്കാറുണ്ട്.


Dont Miss ഗുജറാത്തിലെ പട്ടേല്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കില്ല; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍


കഴിഞ്ഞ ദിവസം താജ്മഹലിന് മുന്നില്‍ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ ശിവചാലിസ നടത്തുകയും വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഘത്തെ സി.ഐ.എസ്.എഫ് ജവാന്‍മാര്‍ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. താജ്മഹലിലെ സുരക്ഷ ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരുടെ നടപടി.

ഉത്തരേന്ത്യയില്‍ നിരവധി ക്ഷേത്രങ്ങള്‍ മുഗളര്‍ തകര്‍ത്തിട്ടുണ്ടെന്നും തേജോമഹാലയ് എന്ന ശിവക്ഷേത്രം തകര്‍ത്താണ് താജ്മഹല്‍ പണിതതെന്നുമായിരുന്നു ഇതിന് പിന്നാലെ ഹിന്ദു യുവവാനി നേതാവ് ദീപക് ശര്‍മ പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള താജ്മഹലില്‍ മുസ്ലിംങ്ങള്‍ക്ക് നമസ്‌കരിക്കാമെങ്കില്‍ ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ട് “ശിവ്ചാലിസ” നടത്തിക്കൂടെന്നും ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹരജിനല്‍കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു..

അതേസമയം ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനകരമാണെന്നും കയ്യേറ്റ സ്ഥലത്താണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വിവാദത്തിലായതിനു പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു.

“ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍. അത് കാത്ത് സുക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നുമായിരുന്നു യോഗിയുടെ വാക്കുകള്‍.

നേരത്തെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമായിരുന്നു താജ്മഹലിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനകരമാണെന്നായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന. പിന്നാലെ ബി.ജെ.പി എം.പി വിനയ് കത്യാര്‍ തേജോമഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

രാജാവില്‍ നിന്ന് തട്ടിയെടുത്ത ഭൂമിയിലാണ് മുഗളന്‍മാര്‍ താജ്മഹല്‍ പണിതതെന്ന പ്രസ്താവനയുമായി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയതോടെ താജ്മഹലിനെചൊല്ലിയുള്ള വിവാദങ്ങള്‍ കടുക്കുകയായിരുന്നു.

താജ്മഹലില്‍ പ്രവേശിക്കുന്നതിന് മുമ്പ് യോഗി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടം വൃത്തിയാക്കിയിരുന്നു. അതേസമയം യോഗി താജ്മഹലും പരിസരവും വൃത്തിയാക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളുടെ മനസ് വൃത്തിയാക്കണമെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു. താജ്മഹല്‍ വൃത്തിക്കാന്‍ വരുന്നതിന് മുമ്പ് പാര്‍ട്ടി അംഗങ്ങളുടേയും കാബിനറ്റ് അംഗങ്ങളുടേയും മനസാണ് വൃത്തിയാക്കേണ്ടത് എന്നായിരുന്നു ഒവൈസിയുടെ വാക്കുകള്‍

Latest Stories

We use cookies to give you the best possible experience. Learn more