ജനീവ: അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ജെയിംസ് ഫോളിയെ ഇസിസ് തീവ്രവാദികള്‍ കൊന്നതിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. “അറപ്പുളവാക്കുന്ന” കുറ്റ കൃത്യം എന്നാണ് ബാന്‍ കി മൂണ്‍ ഈ കൊലപാതകത്തെ വിശേഷിപ്പിച്ചത്.
ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികളെ നീതിക്കുമുമ്പില്‍ കൊണ്ടുവരണം എന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ താന്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇസിസ് തീവ്രവാദികള്‍ പത്രപ്രവര്‍ത്തകനെ കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ലോകം ഞെട്ടിയ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
[]ദൃശ്യം ഞെട്ടിക്കുന്നതാണെന്നും അത് അമേരിക്കയെ ഭീഷണിപ്പെടുത്താനാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സംഭവത്തോട് നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരം ഭീഷണികൊണ്ട് അമേരിക്കന്‍ നടപടികളെ തടയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇപ്പോള്‍ അമേരിക്ക ഇറാഖില്‍ നടത്തുന്ന ആക്രമണങ്ങളോടുള്ള പ്രതികാരമാണ് ഈ കൊലപാതകമെന്നും അമേരിക്ക അക്രമണം തുടര്‍ന്നാല്‍ രണ്ടാമത്തെ പത്രപ്രവര്‍ത്തകനെ കൂടി തങ്ങള്‍ വധിക്കുമെന്നും ഇസിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2012ല്‍ സിറിയയില്‍ നിന്ന് കാണാതായ പത്രപ്രവര്‍ത്തകനാണ് ഫോളി. തലയറുത്തു കൊല്ലപ്പെട്ട വ്യക്തി ഫോളിയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഔദ്യോഗികമായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.