പാക്കിസ്ഥാനെ അവഗണിച്ച് ബാന്‍ കി മൂണ്‍: കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാക് ശ്രമത്തിന് തിരിച്ചടി
Daily News
പാക്കിസ്ഥാനെ അവഗണിച്ച് ബാന്‍ കി മൂണ്‍: കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാക് ശ്രമത്തിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2016, 10:12 am

നേരത്തെ ലോകരാജ്യങ്ങള്‍ ഭീകരതയുടെ പേരില്‍ പാകിസ്താനെ പേരെടുത്ത് വിമര്‍ശിച്ചതിന് പിന്നാലെയാണ് ലോക വേദിയില്‍ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം ലഭിച്ചിരിക്കുന്നത്


ജെനീവ: കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന് തിരിച്ചടി. യുഎന്‍ പൊതുസഭയില്‍ കാശ്മീര്‍ വിഷയം കൊണ്ടുവരാനായിരുന്നു പാക്കിസ്ഥാന്റെ ശ്രമം.

എന്നാല്‍ പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അവഗണിച്ചു. യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിലെ തന്റെ ആമുഖ പ്രസംഗത്തില്‍ സിറിയ, ഇറാഖ് വിഷയങ്ങള്‍ പരാമര്‍ശിച്ചെങ്കിലും ഇന്ത്യാ-പാക് സംഘര്‍ഷം പരാമര്‍ശിക്കാന്‍ ബാന്‍ കി മൂണ്‍ തയ്യാറായില്ല.

നേരത്തെ ലോകരാജ്യങ്ങള്‍ ഭീകരതയുടെ പേരില്‍ പാകിസ്താനെ പേരെടുത്ത് വിമര്‍ശിച്ചതിന് പിന്നാലെയാണ് ലോക വേദിയില്‍ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം ലഭിച്ചിരിക്കുന്നത്.

ഇത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ശക്തി പകരും. അതോടൊപ്പം തന്നെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

ഭീകരതെയെ ചെറുക്കാന്‍ ഇന്ത്യ മുന്‍കൈ എടുത്ത് തയ്യാറാക്കിയ കൂട്ടായ്മയ്ക്ക് ( Comprehensive Convention on International Terrorism) യു.എന്‍ അംഗീകാരം ലഭിച്ചതും ഇന്ത്യക്ക് നേട്ടമായി.

കശ്മീര്‍ വിഷയത്തില്‍ സ്ഥിരാംഗങ്ങള്‍ക്ക് കത്തു നല്‍കിയത് ഉള്‍പ്പെടെ ഇന്ത്യക്കെതിരായി പാകിസ്താനും യുഎന്നില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

അതേസമയം അഗ്ഫാന്‍ നയതന്ത്രപ്രതിധിയും പാക്കിസ്ഥാന്റെ ഇന്ത്യാവിരുദ്ധ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദവിഷയത്തില്‍ പാക്കിസ്ഥാന് വലിയൊരു സന്ദേശം നല്‍കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നെന്നും. പാക്കിസ്ഥാനാണ് ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.