| Monday, 3rd December 2012, 3:24 pm

ഫലസ്തീനെതിരെയുള്ള ഇസ്രായേല്‍ നടപടിയ്‌ക്കെതിരെ ബാന്‍ കി മൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലം: ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന പ്രതികാര നടപടികളെ ശക്തമായി താക്കീത് ചെയ്തുകൊണ്ട് യു.എന്‍ തലവന്‍ ബാന്‍ കി മൂണ്‍ രംഗത്തെത്തി.[]

കിഴക്കന്‍ ജറുസലമില്‍ നിന്നും ഫലസ്തീനികള്‍ മുഴുവനായി പിഴുതുമാറ്റപ്പെടുകയാണെന്നും കിഴക്കന്‍ ജറുസലമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റ നീക്കം സമാധാന ശ്രമങ്ങള്‍ക്കേല്‍ക്കുന്ന മാരകപ്രഹരമാണെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.

കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ നടത്തുന്ന പാര്‍പ്പിട നിര്‍മ്മാണം നിര്‍ത്തിവെച്ചില്ലെങ്കില്‍ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും മൂണ്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍പ്പിട നിര്‍മ്മാണത്തിന് ഇസ്രയേല്‍ പുതുതായി അനുമതി നല്‍കിയതില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു.

ഐക്യരാഷ്ട്രസഭയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്രപദവി ലഭ്യമായതിന് തൊട്ടുപിന്നാലെയാണ് തര്‍ക്ക പ്രദേശങ്ങളില്‍ മൂവായിരം പുതിയ പാര്‍പ്പിടങ്ങള്‍ക്ക് ഇസ്രയേല്‍ അനുമതി നല്‍കിയത്.

എന്തുവന്നാലും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയില്‍ ഒമ്പതിനെതിരെ 138 രാജ്യങ്ങളുടെ പിന്തുണയോടെ വോട്ടവകാശമില്ലാത്ത നിരീക്ഷക രാഷ്ട്ര പദവി ഫലസ്തീന് ലഭിച്ചതിന് തൊട്ടുടനെയാണ് അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലും വെസ്റ്റ്ബാങ്കിലും കുടിയേറ്റക്കാര്‍ക്കായി 3000 വീടുകള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്.

ഇതിന് പുറമെ ഫലസ്തീന് നല്‍കേണ്ട 100 ദശലക്ഷം ഡോളര്‍ നികുതിപ്പണം മരവിപ്പിക്കാനും ഇസ്രായേല്‍ കഴിഞ്ഞദിവസം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെ വിമര്‍ശിച്ചാണ് മൂണ്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more