| Tuesday, 12th January 2016, 9:54 am

അഗസ്ത്യകൂടം സന്ദര്‍ശിക്കുന്നതില്‍ സ്ത്രീകളെ വിലക്കിക്കൊണ്ട് വനംവകുപ്പിന്റെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരമലയ്ക്കു പുറമേ അഗസ്ത്യകൂടം സന്ദര്‍ശിക്കുന്നതിനും സ്ത്രീകളെ വിലക്കിക്കൊണ്ട് വനംവകുപ്പിന്റെ ഉത്തരവ്. സ്ത്രീകള്‍ക്കും 14 വയസിനു താഴെയുള്ള കുട്ടികള്‍ക്കും ട്രക്കിങ്ങിനായി അപേക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറയുന്നത്.

സഹ്യപര്‍വ്വത നിരകളില്‍ കോണാകൃതിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ അടിയോളം ഉയര്‍ന്നു നില്‍ക്കുന്ന കൊടുമുടിയാണിത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.

ഹിന്ദുമതത്തിലെ സപ്തര്‍ഷികളിലൊരാളായ അഗസ്ത്യമുനി ഇവിടെ തപസനുഷ്ഠിച്ചിരുന്നു എന്നാണ് വിശ്വാസം. അഗസ്ത്യമുനി അവിവാഹിതനായിരുന്നു എന്നതിനാല്‍ ഇവിടേക്ക് അപരിചിതരായ സ്ത്രീകള്‍ പ്രവേശിക്കുന്ന മുനിക്ക് അഹിതമാണെന്നു കരുതപ്പെടുന്നു. ഇതിന്റെ പേരിലാണ് സ്ത്രീകള്‍ക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ സന്ദര്‍ശനം 2016 ജനുവരി 15 മുതല്‍ മാര്‍ച്ച് 7 വരെയാണ്. സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ വനംവകുപ്പില്‍ നിന്നും പാസെടുക്കണം. ഇതിനുവേണ്ടിയുള്ള ബുക്കിങ്ങിന്റെ വിശദാംശങ്ങള്‍ പറയുന്ന ഭാഗത്താണ് സ്ത്രീകള്‍ക്ക് ഇവിടേക്കു പോകാന്‍ കഴിയില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more