ഇന്തോനേഷ്യയില്‍ പോക്കിമോന്‍ ഗോക്ക് വിലക്ക്
Big Buy
ഇന്തോനേഷ്യയില്‍ പോക്കിമോന്‍ ഗോക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2016, 11:22 pm

pokemon

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പോക്കിമോന്‍ ഗോ ഗെയിം കളിക്കുന്നതിന് വിലക്ക്. സായുധ സേനയിലെയും പൊലീസിലെയും അംഗങ്ങളെയാണ് പോക്കിമോന്‍ ഗോ ഗെയിം കളിക്കുന്നതില്‍നിന്ന് ഇന്തോനേഷ്യ സര്‍ക്കാര്‍ വിലക്കയത്. ജോലി സമയത്ത് ഗെയിം കളിക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശമുണ്ട്. ജക്കാര്‍ത്തയില്‍ രാജാവിന്റെ കൊട്ടാരത്തിലെ ജോലിക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇതറിയിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിച്ചു.

നമുക്കുമുന്നിലുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഓഗ്മെന്റഡ് റിയാലിറ്റി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഗെയിമാണ് പോക്കിമോന്‍ ഗോ. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലൂടെ കാണുന്ന സ്ഥലങ്ങളില്‍ ഗെയിം നടക്കുന്നതായി നമ്മുടെ ഫോണ്‍ സ്‌ക്രീന്‍ കാണിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. വിവിധ തരത്തിലുള്ള പോക്കിമോനുകളെ കണ്ടെത്താന്‍ നാം സഞ്ചരിച്ചുകൊണ്ടേയിരിക്കണം. യൂസര്‍ പോകുന്ന സ്ഥലത്തിന് അനുസരിച്ച് യൂസര്‍ കണ്ടെത്തുന്ന പോക്കിമോനുകളുടെ രൂപത്തിലും കഴിവുകളിലും വ്യത്യസ്തകളുണ്ടാകും.

പോക്കിമോന്‍ ജനഹൃദയങ്ങള്‍ കീഴടക്കിയെങ്കിലും ഗെയിം ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഗെയിമിങ് കമ്പനിക്ക് യൂസര്‍മാരുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനാകുമെന്നാണ് പ്രധാന ആക്ഷേപം. പോക്കിമോന്‍ കളിച്ച് ഫോണില്‍ നോക്കി നടന്ന് മറിഞ്ഞുവീണവും ട്രെയിന്‍ കയറാതെ ഗെയിം കളിച്ചവരും നിരവധിയാണത്രെ.

വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഒരുപോലെ പ്രചാരം നേടിയിരിക്കുകയാണ് പോക്കിമോന്‍ ഗോ. നിരവധി പേരാണ് ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യുകയും ഇതില്‍ത്തന്നെ അധിക നേരം ചെലവഴിയ്ക്കുകയും ചെയ്യുന്നത്. ഐ.ഒ.എസ്, ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള പോക്കിമോന്‍ ഗോ കുറഞ്ഞ ദിവസങ്ങളില്‍ 75 ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ കമ്പനിക്ക് ദിവസവും ലഭിക്കുന്നത് ഏകദേശം 10.74 കോടി രൂപയാണ്.