തിരുവനന്തപുരം: തിരുവനന്തപുരത്ത് മാർച്ച് ആറ് മുതൽ സമ്പൂർണ മദ്യനിരോധനം. മാർച്ച് ആറ് വൈകീട്ട് 6 മണി മുതൽ മാർച്ച് 7 വൈകീട്ട് ആറ് വരെയായിരിക്കും നിരോധനമുണ്ടാകുക. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വാർഡുകളിലായിരിക്കും നിരോധനം നടപ്പാക്കുകയെന്നാണ് റിപ്പോർട്ട്. ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചാണ് നടപടിയെന്ന് കളക്ടർ അറിയിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകൾക്കും പുറമെ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യ നിരോധനം നടപ്പാക്കും.
പൊങ്കാല നടക്കുന്ന ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യവിതരണ വകുപ്പും സജീവമായി രംഗത്തുണ്ട്.
ഫെബ്രുവരി 27 മുതൽ ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും. രാത്രികാല പരിശോധനകൾക്കായി പ്രത്യേക സംഘമെത്തുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഉത്സവവുമായി ബന്ധപ്പെട്ട് താത്ക്കാലിക കടകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷനും മറ്റ് അനുബന്ധ രേഖകൾക്കുമായി ക്ഷേത്രപരിസരത്തുള്ള കൺട്രോൾ റൂമിൽ അക്ഷയ കേന്ദ്രം തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 27 മുതൽ ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിക്കും. ഭക്‌തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിർമാണം പൂർത്തിയായി. ദീപാലങ്കാരങ്ങൾ സജ്ജീകരിക്കുന്ന അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.
Content Highlight: Ban for liquor supply at trivandrum after 6th of march