| Tuesday, 21st March 2023, 6:06 pm

ഖുർആൻ കത്തിക്കുമെന്ന് പ്രഖ്യാപനം: തീവ്ര വലതുപക്ഷ നേതാവിന് വിലക്കേർപ്പെടുത്തി ബ്രിട്ടൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഖുർആൻ കത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഡെന്മാർക്കിലെ തീവ്ര വലതുപക്ഷ നേതാവിന് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. വലതുപക്ഷ നേതാവായ റാസ്മസ് പലൂദന് ആണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡെന്മാർക്കിലെ ഇസ്‌ലാം വിരുദ്ധ പാർട്ടിയായ ‘സ്ട്രാം കുർസ്’ സ്ഥാപകനാണ് റാസ്മസ് പലൂദൻ.

വെസ്റ്റ് യോർക്ക്‌ഷെയറിലുള്ള വെയ്ക്ക്ഫീൽഡിലെ പൊതുനിരത്തിൽ വെച്ച് ഖുർആൻ കത്തിക്കുമെന്നായിരുന്നു പലൂദന്റെ പരാമർശം. സംഭവം വിവാ​ദമായതോടെയാണ് ഇയാൾക്കെതിരെ അധികാരികൾ നടപടിയെടുത്തത്.

അടുത്തിടെ ഖുർആൻ നശിപ്പിച്ച നാല് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ഒരു വിദ്യാർത്ഥി ക്ലാസിലേക്ക് കൊണ്ടുവന്ന ഖുർആൻ ഒരു വിഭാഗം വിദ്യാർത്ഥികൾ ചേർന്ന് നശിപ്പിക്കുകയായിരുന്നു.

വെയ്ക്ക്ഫീൽഡിലുള്ള കെറ്റൽതോർപ് ഹൈസ്‌കൂളിൽ വെച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഖുർആൻ കത്തിക്കുമെന്ന പലൂദന്റെ ഭീഷണി.

റമദാൻ മാസത്തിന്റെ ആരംഭം കൂടി കണക്കാക്കിയാണ് ബുധനാഴ്ച തന്നെ ഖുർആൻ കത്തിക്കാനുള്ള പലൂദന്റെ തീരുമാനം. മുമ്പും ഖുർആൻ കത്തിച്ച വിവാദപാത്രമായ വ്യക്തിയാണ് പലൂദൻ. രാജ്യത്തേക്കുള്ള പലൂദന്റെ സന്ദർശനത്തിൽ വെയ്ക്ക്ഫീൽഡിൽനിന്നുള്ള ലേബർ പാർട്ടി എം.പിയായ സിമോൺ ലൈറ്റ്‌വുഡ് ബ്രിട്ടീഷ് സുരക്ഷാ വകുപ്പ് മന്ത്രിയോട് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പലൂദന് ബ്രിട്ടനിലേക്ക് വിലക്കേർപ്പെടുത്തിയത്.

Content Highlight: Ban for extreme left activist over his remark on burning Quran in Britain

We use cookies to give you the best possible experience. Learn more