| Tuesday, 30th October 2012, 10:54 am

പക്ഷിപ്പനി: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ണാടകയില്‍ പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്കും കോഴിയിറച്ചി ഉത്പന്നങ്ങള്‍ക്കും സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തി.[]

ഭക്ഷ്യസുരക്ഷാവകുപ്പും മൃഗസംരക്ഷണവകുപ്പുമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ചെക്ക് പോസ്റ്റുകളില്‍ ഇന്ന് മുതല്‍ പരിശോധനയും കര്‍ശനമാക്കും.

പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി ഇറച്ചി വില്‍പനക്കാര്‍ സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്ക് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന പൗള്‍ട്രി ഫാമുകളിലും ഭക്ഷ്യസുരക്ഷാവകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്ത പരിശോധന നടത്തും. സംശയമുള്ള ഇറച്ചികോഴികളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയയ്ക്കുമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

പ്രതിരോധ നടപടികളുടെ ഭാഗമായാണ് തമിഴ്്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള ഇറച്ചികോഴികള്‍ക്കും, കോഴിയിറച്ചി ഉത്പന്നങ്ങള്‍ക്കും മൃഗസംരക്ഷണവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നിരോധനം ഏര്‍പ്പെടുത്തിയത്.

കര്‍ണാടകയില്‍ ഹസാര്‍ഘട്ടിലാണ് പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്നത്. ഹസാര്‍ഘട്ടിലെ സെന്‍ട്രല്‍ പൗള്‍ട്രി ഫാമില്‍ 13 ദിവസത്തിനിടെ 3600 ടര്‍ക്കി കോഴികള്‍ ചത്തു.

മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടില്ല. കര്‍ണാടകയില്‍ ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നും അതിനാല്‍ തന്നെ ആശങ്കയ്ക്ക് ഇടയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഭോപ്പാലിലെ അനിമല്‍ ഡിസീസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

We use cookies to give you the best possible experience. Learn more