'ബി.ബി.സിയെ ഉടന്‍ നിരോധിക്കണം'; ദല്‍ഹി ഓഫീസിന് മുമ്പില്‍ ഹിന്ദു സേനയുടെ പ്രതിഷേധം
national news
'ബി.ബി.സിയെ ഉടന്‍ നിരോധിക്കണം'; ദല്‍ഹി ഓഫീസിന് മുമ്പില്‍ ഹിന്ദു സേനയുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th January 2023, 2:25 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ബി.ബി.സി ഓഫീസിന് മുമ്പില്‍ ഹിന്ദു സേനയുടെ പ്രതിഷേധം. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇറക്കിയതിന്റെ പേരില്‍ ബി.ബി.സി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.

ന്യൂദല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മര്‍ഗിലെ ബി.ബി.സി ഓഫീസിന് പുറത്ത് ബി.ബി.സി നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ഹിന്ദുസേന സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോടനയാണ് ബി.ബി.സിയെന്നും ഹിന്ദു സേന ആരോപിച്ചു.

‘ബി.ബി.സി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണ്. ബി.ബി.സി ഉടന്‍ നിരോധിക്കണം,’ ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത ഇന്ത്യാ ടുഡെയോട് പറഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന് ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ ഡോക്യുമെന്ററി ഇന്ത്യയില്‍ ബാന്‍ ചെയ്യുകയായിരുന്നു.

അതിനിടയില്‍ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തു. 2019ല്‍ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷമുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം പരിശോധിക്കുന്നതാണ് രണ്ടാമത്തെ എപ്പിസോഡ്.

Content Highlight: ‘Ban BBC’ board appears outside its Delhi office over documentary