കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമകളില്‍ ഒന്നായിരുന്നു.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ദീപക് പറമ്പോല്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിനുണ്ട്.
ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുഷിന്‍ അന്ന് പറഞ്ഞത് കേട്ട് എന്താണ് തോന്നിയത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബാലു വര്‍ഗീസ്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘കുറേ കാലമായി ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്ന സിനിമയായിരുന്നു മഞ്ഞുമ്മല്‍. നമ്മള്‍ ഈ സിനിമയുടെ പുറകെ അത്രയും ഏറെ നടന്നിട്ടുണ്ട്. ഈ സിനിമയുടെ പൊട്ടെന്‍ഷല്‍ ഞങ്ങള്‍ക്ക് അറിയാവുന്നതാണ്. പക്ഷേ സുഷിന്‍ അന്ന് അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ ദൈവമേ ഇനി ആളുകള്‍ വേറെ ഒരു മൂഡില്‍ വന്ന് കാണുമോയെന്ന് പേടിച്ചു.
അങ്ങനെ വന്ന് കാണാന്‍ പാടില്ലല്ലോ. ഇവര് ഈ സിനിമയില്‍ എന്താണ് കാണിച്ചു വെച്ചിരിക്കുന്നതെന്ന് കാണണമല്ലോയെന്ന് ആളുകള്‍ കരുതും. ആ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് നല്ല കോണ്‍ഫിഡന്‍സും ഉണ്ടായിരുന്നു.
ഈ പടത്തില്‍ ഞങ്ങള്‍ നല്ല പോലെ പണിയെടുത്തിട്ടുണ്ട്. എല്ലാവരും നല്ല പോലെ പണിയെടുത്തിരുന്നു. ആ പടത്തില്‍ വര്‍ക്ക് ചെയ്ത ആക്ടേഴ്‌സ്, ഡയറക്ഷന്‍, ടെക്‌നിക്കല്‍ ടീം, മ്യൂസിക്കിലുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ നന്നായി പണിയെടുത്തിട്ടുണ്ട്,’ ബാലു വര്‍ഗീസ് പറഞ്ഞു.
Content Highlight: Balu Varghese Talks About Sushin Shyam’s Comment On Manjummel Boys