ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണിത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇതിവൃത്തം.
ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ച് പറയുകയാണ് ഗണപതിയും ബാലു വര്‍ഗീസും. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
കൊടൈക്കനാലില്‍ കടുത്ത മഞ്ഞില്‍ ഷൂട്ടിങ്ങ് നടത്തേണ്ടി വന്നിട്ടും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരാള്‍ക്ക് പോലും അസുഖം വന്നില്ലെന്നും ആര്‍ക്കും അസുഖം വന്ന് ഷൂട്ട് നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായില്ലെന്നും ബാലു വര്‍ഗീസ് പറയുന്നു.
‘കൊടൈക്കനാലില്‍ മഞ്ഞില്‍ നനഞ്ഞ് ചെളിയും മറ്റുമായി നമ്മള്‍ കുറേ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് പോലും അസുഖം വന്നിട്ടില്ല. അത് ശരിക്കും വലിയ ദൈവാദീനമാണ്. ആര്‍ക്കും അസുഖം വന്ന് ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നിട്ടില്ല.
എന്നാല്‍ അതിനിടയില്‍ പലരും അവിടെ അസുഖം വന്ന് വീഴുന്നുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും പല ഡിപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ക്കും വയ്യാതെ ആയിരുന്നു. എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റിന് പോലും ആ അവസ്ഥ വന്നില്ല,’ ബാലു വര്‍ഗീസ് പറഞ്ഞു.
എന്നാല്‍ ഷൂട്ടിങ്ങിനിടയില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറെ കുരങ്ങന്‍ കടിച്ചിരുന്നുവെന്നാണ് ഗണപതി പറയുന്നത്.
‘പിന്നെ നമ്മള്‍ ഒരു ചരിത്രം കുറിച്ചു. 26 വര്‍ഷത്തിന് ശേഷം അവിടെ ഒരാളെ കുരങ്ങന്‍ കടിച്ചു. ഞങ്ങളുടെ കൂടെയുള്ള ഒരു അസിസ്റ്റന്റ് ഡയറക്ടറെയാണ് കടിച്ചത്,’ ഗണപതി പറഞ്ഞു.
ഗണപതി ഈകാര്യം പറഞ്ഞതും, കുരങ്ങ് കടിയേറ്റ അസിസ്റ്റന്റ് ഡയറക്ടര്‍ വെറുതെയിരിക്കുമ്പോള്‍ രാവിലെ സ്പൈഡര്‍മാനെ പോലെ തെങ്ങിലൊക്കെ കയറുമെന്ന് ബാലു വര്‍ഗീസ് ഇടക്ക് കയറി പറഞ്ഞു.
‘അവനിപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ രാവിലെ തെങ്ങിലൊക്കെ കയറും. സ്പൈഡര്‍മാനെ പോലെ,’ ബാലു വര്‍ഗീസ് പറയുന്നു.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ദീപക് പറമ്പോല്‍ എന്നിവരാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രധാന കഥാപാത്രങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിനുണ്ട്.
ഷൈജു ഖാലിദാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, മ്യൂസിക്ക് & ബി.ജി.എം – സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അജയന്‍ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനര്‍ – മഹ്‌സര്‍ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
Content Highlight: Balu Varghese Talks About Manjummel Boys Shooting