ചെന്നൈയിലെത്തി ഓട്ടോയില്‍ കയറി കമല്‍ ഹാസന്റെ വീട്ടിലേക്കെന്ന് പറഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍ ഒരു നോട്ടം നോക്കി: ബാലു വര്‍ഗീസ്
Entertainment
ചെന്നൈയിലെത്തി ഓട്ടോയില്‍ കയറി കമല്‍ ഹാസന്റെ വീട്ടിലേക്കെന്ന് പറഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍ ഒരു നോട്ടം നോക്കി: ബാലു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 9:21 am

കഴിഞ്ഞ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ വന്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്. 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത മഞ്ഞുമ്മല്‍ ബോയ്സ് തമിഴ് നാട്ടിലും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

കമല്‍ ഹാസന്‍, ഉദയനിധി സ്റ്റാന്‍ലിന്‍ തുടങ്ങിയവര്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. ഇരുവരെയും തമിഴ് നാട്ടില്‍ പോയി നേരിട്ട് കണ്ട അനുഭവന്‍ പങ്കുവെക്കുകയാണ് ബാലു വര്‍ഗീസ്. ചിത്രത്തിന് തമിഴ് നാട്ടില്‍ കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നെന്നും കമല്‍ ഹാസന്‍ വിളിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ ഇവരെ കാണാന്‍ വേണ്ടി പോയപ്പോള്‍ ബ്ലോക്ക് കാരണം പറഞ്ഞ വണ്ടി വന്നില്ലെന്നും അവസാനം ടാക്‌സി വിളിച്ചാണ് പോയതെന്നും ബാലു പറയുന്നു. ടാക്‌സി ഡ്രൈവറോട് കമല്‍ ഹാസന്റെ വീട്ടിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ ഒരുമാതിരി നോട്ടം നോക്കിയെന്നും ബാലു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാലു വര്‍ഗീസ്.

‘കേരളത്തില്‍ നടക്കുന്ന സിനിമയുടെ സെലിബ്രേഷനും കാര്യങ്ങളുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിന് പുറത്ത് ആ ഒരു പരിപാടി ഞാന്‍ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. അത് ഭയങ്കര രസമുള്ള കാര്യമായിരുന്നു. ഞങ്ങള്‍ തമിഴ് നാട്ടില്‍ പോകുമ്പോള്‍ അവിടെ ഉള്ളവരെല്ലാം ഞങ്ങളെ വരവേറ്റ രീതിയെല്ലാം വളരെ എക്‌സൈറ്റിങ് ആയിട്ടുള്ളതായിരുന്നു.

ഈ സിനിമ കഴിഞ്ഞാല്‍ കമല്‍ സാര്‍ വിളിക്കുമെന്ന് ഞങ്ങള്‍ ഞങ്ങളുടെ ഇടയില്‍ വെറുതെ തമാശ ആയി പറഞ്ഞിട്ടുണ്ടായിരുന്നു. ശരിക്കും അത് മാനിഫെസ്റ്റ് ചെയ്ത് സംഭവിച്ചത് പോലെ ഉണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് ഗണപതി വിളിച്ചിട്ട് ‘എടാ കമല്‍ സാര്‍ ശരിക്കും വിളിച്ചു. എന്നിട്ട് നമ്മളെ കാണണമെന്നും അങ്ങോട്ട് വരണമെന്നും പറഞ്ഞു’ എന്ന് പറഞ്ഞു.

അവിടെ പോയതും നല്ല രസമുള്ള കാര്യമായിരുന്നു. ചെന്നൈയില്‍ ആയിരുന്നു. അവിടെ പോയപ്പോള്‍ ഭയങ്കര ബ്ലോക്ക്. നമ്മള്‍ വലിയ ഒരു വണ്ടിയെല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. രാവിലെ ഉദയനിധിയുടെ വീട്ടിലും വൈകുന്നേരം കമല്‍ സാറിന്റെ വീട്ടിലും എന്നെല്ലാം പറഞ്ഞ് ഞങ്ങള്‍ സന്തോഷത്തോടെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ബ്ലോക്ക് കാരണം പറഞ്ഞ വണ്ടി വന്നില്ല.

അങ്ങനെ ഞങ്ങള്‍ ഓട്ടോയിലും ഓലയിലും ആയി സി.എമ്മിന്റെ വീട്ടിലേക്ക് പോയി. സി.എമ്മിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞപ്പോള്‍ ആദ്യം ഡ്രൈവര്‍ വിശ്വസിച്ചില്ല. അതും കഴിഞ്ഞ് ഒരു ഓട്ടം കൂടി ഉണ്ട്, കമല്‍ സാറിന്റെ അടുത്തേക്ക് എന്ന് പറഞ്ഞപ്പോള്‍ ഇവര്‍ ഏതാടാ അയാള്‍ ഒരുമാതിരി ഒരു നോട്ടം നോക്കി. തമിഴ് നാട്ടില്‍ നമുക്ക് കിട്ടിയ ആ അക്സെപ്റ്റന്‍സ് ഒരിക്കലും മറക്കാന്‍ പറ്റില്ല,’ ബാലു വര്‍ഗീസ് പറയുന്നു.

Content Highlight: Balu Varghese Talks About Manjummal Boys Movie And Meeting With Kamal Haasan