| Friday, 19th July 2024, 1:50 pm

ഹണി ബീയിലെ മറ്റൊരു കഥാപാത്രത്തിന്റെ വിഗ്ഗ്; വെറുതെ എടുത്തു വെച്ചതും എന്റെ തലയിലായി: ബാലു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാലു വര്‍ഗീസ്. താരത്തിന്റെ ഏറ്റവും ഓര്‍ക്കപ്പെടുന്ന ഒരു കഥാപാത്രമാണ് അംബ്രോസ് പെരേര. ലാല്‍ ജൂനിയര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ഹണി ബീ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഇത്. ഭാവന, ആസിഫ് അലി, ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി തുടങ്ങിയ മികച്ച താരനിരയായിരുന്നു ഹണി ബീയില്‍ ഉണ്ടായിരുന്നത്.

ഈ സിനിമ ബാലു വര്‍ഗീസിന്റെ കരിയറില്‍ വലിയ ബ്രേക്ക് ആയിരുന്നു നല്‍കിയത്. ഹണി ബീയിലെ തന്റെ വിഗ്ഗിനെ കുറിച്ച് പറയുകയാണ് താരം. ഫോട്ടോഷൂട്ടില്‍ ബാബുരാജിന് വേണ്ടി കൊണ്ടുവന്ന വിഗ്ഗായിരുന്നു അതെന്നാണ് ബാലു പറയുന്നത്. ഏറ്റവും പുതിയ ചിത്രമായ പുഷ്പക വിമാനത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു താരം.

‘അംബ്രോസ് പെരേര എനിക്ക് വലിയ ഒരു ബ്രേക്ക് തന്ന ഒരു സിനിമയാണ്. ആ കഥാപാത്രത്തിന്റെ വിഗ്ഗിന് പിന്നിലെ കഥ ഞാന്‍ പറഞ്ഞു തരാം. ഫോട്ടോഷൂട്ടില്‍ ബാബു ചേട്ടന് (ബാബുരാജ്) വേണ്ടി കൊണ്ടുവന്ന വിഗ്ഗായിരുന്നു അത്. അന്ന് ബാബു ചേട്ടന്‍ വരാന്‍ കുറച്ച് വൈകി. ഞാന്‍ ആണെങ്കില്‍ സെറ്റില്‍ അന്ന് നേരത്തെ വന്നിരുന്നു. ആ സിനിമയില്‍ ഞാന്‍ ഒരു അസിസ്റ്റന്റ് പോലെ വര്‍ക്ക് ചെയ്തിരുന്നു. അതിന്റെ എഴുത്തിലുമെല്ലാം ഞാന്‍ ജീനിന്റെ ഒപ്പം ഉണ്ടായിരുന്നു. എന്റെ കോളേജ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പിന്നെ അതിന്റെ പിറകെയായിരുന്നു.

അവസാന ഘട്ടത്തിലാണ് അംബ്രോസിന്റെ കഥാപാത്രം നീ ചെയ്യൂവെന്ന് പറയുന്നത്. അതിന്റെ ഫോട്ടോഷൂട്ടായിരുന്നു അന്ന്. ആ ദിവസം ബാബു ചേട്ടന്‍ വരാന്‍ വൈകി. ചേട്ടന്റെ വിഗ്ഗ് അവിടെ ഇരിക്കുന്നത് കണ്ട് ഞാന്‍ വെറുതെ എടുത്ത് തലയില്‍ വെച്ചതായിരുന്നു. ജീന്‍ അത് കണ്ടതും ‘നിനക്ക് ഇത് കൊള്ളാം. ഇത് ഫിക്‌സ്ഡ്’ എന്ന് പറഞ്ഞു. അങ്ങനെ എനിക്ക് ഫിക്‌സായ വിഗ്ഗാണ് അത്. ആ കഥാപാത്രം എനിക്ക് വലിയ ബ്രേക്കായി. അറിയാതെ എടുത്ത് തലയില്‍ വെച്ച സൗഭാഗ്യമായിരുന്നു ആ വിഗ്ഗ് (ചിരി),’ ബാലു വര്‍ഗീസ് പറഞ്ഞു.


Content Highlight: Balu Varghese Talks About Honey Bee Movie

We use cookies to give you the best possible experience. Learn more