2005ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ടിലെ ചെറിയ കഥാപാത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച താരമാണ് ബാലു വര്‍ഗീസ്. ഒരു ബാലതാരമായി എത്തിയ ബാലു ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്റെ ചെറുപ്പമായാണ് അഭിനയിച്ചത്. കൊമ്പന്‍ കുമാരന്‍ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഈ സിനിമയുടെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബാലു വര്‍ഗീസ്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ചാന്തുപൊട്ടിലെ ആ കഥാപാത്രം വളരെ യാദൃശ്ചികമായിട്ടാണ് എന്നിലേക്ക് എത്തുന്നത്. ഇന്ദ്രേട്ടന്റെ ചെറുപ്പമായിട്ടാണ് ഞാന്‍ അഭിനയിച്ചത്. അവര്‍ ആ കഥാപാത്രത്തിനായി ആളെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോള്‍ നിറമൊന്നും ഇല്ലെങ്കിലും നുണക്കുഴി വെച്ച് അഡ്ജസ്റ്റ് ചെയ്താണ് ഞാന്‍ സിനിമയില്‍ വന്നത്. പക്ഷെ എനിക്ക് നല്ല പണിയായിരുന്നു ആ സിനിമയില്‍ നിന്ന് കിട്ടിയത്. അര്‍ത്തുങ്കല്‍ പള്ളിയുടെ മുന്നിലുള്ള കടപ്പുറത്തായിരുന്നു സിനിമയുടെ ഷൂട്ട് നടന്നത്.
അന്ന് ചെറിയ പയ്യനായിരുന്നു ഞാന്‍. അപ്പോള്‍ ഏഴാം ക്ലാസിലോ മറ്റോ ആയിരുന്നു ഞാന്‍ പഠിക്കുന്നത്. ആദ്യ ദിവസം ഞാന്‍ എനിക്കുള്ള കോസ്റ്റ്യൂമും മേക്കപ്പും ഇട്ട ശേഷം കടപ്പുറത്ത് പോയി നിന്നു. ആ കാലത്ത് ഇന്നത്തെ പോലെ കാരവാന്‍ ഒന്നും ഇല്ലായിരുന്നു. ഞാന്‍ അവിടെ എത്തിയ ആദ്യ ദിവസം വൈകുന്നേരം വരെ കടപ്പുറത്ത് ഇരുന്നു. പക്ഷെ അന്ന് ആ സീന്‍ ഷൂട്ട് ചെയ്തില്ല. അതേ അവസ്ഥ തന്നെയായിരുന്നു പിറ്റേന്നും. അന്നും ഷൂട്ട് നടന്നില്ല.
മൂന്നാം ദിവസവും ഇത് തന്നെ അവസ്ഥ. അവസാനം എന്റെ കയ്യിലെ തൊലി പൊളിഞ്ഞു തുടങ്ങി. ആദ്യത്തെ ദിവസം എനിക്ക് അവിടെ എത്തുമ്പോള്‍ എക്സൈറ്റ്മെന്റും പേടിയും ഉണ്ടായിരുന്നു. പക്ഷെ രണ്ടാമത്തെ ദിവസമായതോടെ എന്റെ എക്സൈറ്റ്മെന്റ് മാറി. എന്നാല്‍ എനിക്ക് അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികളോട് നല്ല കമ്പനിയാകാന്‍ സാധിച്ചു. സെറ്റുമായി ആ ദിവസങ്ങള്‍ കൊണ്ട് ഞാന്‍ പരിചയത്തിലായി,’ ബാലു വര്‍ഗീസ് പറഞ്ഞു.
Content Highlight: Balu Varghese Talks About His First Movie