| Friday, 19th July 2024, 5:04 pm

നിറമില്ലെങ്കിലും നുണക്കുഴി വെച്ച് അഡ്ജസ്റ്റ് ചെയ്താണ് ഞാന്‍ ആ സിനിമയില്‍ എത്തിയത്: ബാലു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാലു വര്‍ഗീസ്. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാലതാരമായാണ് ബാലു എത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്റെ കൊമ്പന്‍ കുമാരന്റെ ചെറുപ്പമായിരുന്നു ബാലു വര്‍ഗീസ് ചാന്തുപൊട്ടില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘വളരെ യാദൃശ്ചികമായിട്ടായിരുന്നു ആ കഥാപാത്രം എന്നിലേക്ക് വരുന്നത്. ഇന്ദ്രേട്ടന്റെ ചെറുപ്പം ചെയ്യാനുള്ള ആളെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോള്‍ നിറമൊന്നും ഇല്ലെങ്കിലും നുണക്കുഴി വെച്ച് അഡ്ജസ്റ്റ് ചെയ്ത് സിനിമയില്‍ വന്നതാണ് ഞാന്‍. എന്നാല്‍ എനിക്ക് നല്ല പണിയാണ് ആ സിനിമയില്‍ കിട്ടിയത്. അര്‍ത്തുങ്കല്‍ പള്ളിയുടെ മുന്നിലുള്ള കടപ്പുറത്ത് വെച്ചായിരുന്നു ഇതിന്റെ ഷൂട്ട് നടന്നത്. പോകുന്ന വഴിക്ക് പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചിട്ടാണ് പോകുന്നത്.

ഞാന്‍ അന്ന് ചെറിയ പയ്യനായിരുന്നു. ഏഴാം ക്ലാസിലോ മറ്റോ ആയിരുന്നു ഞാന്‍ അപ്പോള്‍ പഠിക്കുന്നത്. അന്ന് കോസ്റ്റ്യൂമും മേക്കപ്പുമൊക്കെ ഇട്ട് കടപ്പുറത്ത് പോയി നിന്നു. ഇന്നത്തെ പോലെ അന്ന് കാരവാനൊന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ ദിവസം വൈകുന്നേരം വരെ കടപ്പുറത്ത് ഇരുന്നെങ്കിലും ഷൂട്ടുണ്ടായില്ല. പിറ്റേന്നും അങ്ങനെ തന്നെയായിരുന്നു, വൈകുന്നേരം വരെ ഷൂട്ട് നടന്നില്ല. മൂന്നാമത്തെ ദിവസവും ഇത് തന്നെയായിരുന്നു അവസ്ഥ.

അവസാനം എന്റെ കയ്യിലെ തൊലിയൊക്കെ പൊളിഞ്ഞു തുടങ്ങി. ആദ്യത്തെ ദിവസം എക്‌സൈറ്റ്‌മെന്റും പേടിയുമായിരുന്നു. രണ്ടാമത്തെ ദിവസം എക്‌സൈറ്റ്‌മെന്റ് മാറി. പക്ഷെ അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികളോട് നല്ല കമ്പനിയായി. സെറ്റുമായി പരിചയത്തിലായി. അല്ലെങ്കില്‍ പെട്ടെന്ന് ക്യാമറയുടെ മുന്നില്‍ പോയി നിന്നിരുന്നെങ്കില്‍ എന്താണ് ഈ പരിപാടി എന്നോര്‍ത്ത് ഞാന്‍ പതറിയേനേ,’ ബാലു വര്‍ഗീസ് പറഞ്ഞു.


Content Highlight: Balu Varghese Talks About Chanthupottu Movie

We use cookies to give you the best possible experience. Learn more