ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് ബാലു വര്‍ഗീസ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബീയിലൂടെ ബാലു ശ്രദ്ധേയനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബാലുവിന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സിലും ബാലു വര്‍ഗീസ് ഭാഗമായിരുന്നു.
കഴിഞ്ഞ വര്‍ഷം മഞ്ഞുമ്മല്‍ ബോയ്‌സ് അല്ലാതെ തന്നെ ഞെട്ടിച്ച ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാലു വര്‍ഗീസ്. ഭ്രമയുഗം എന്ന സിനിമ തനിക്ക് വല്ലാത്തൊരു എക്‌സ്പീരിയന്‍സ് തന്നുവെന്ന് ബാലു വര്‍ഗീസ് പറഞ്ഞു. അര്‍ജുന്‍ അശോകന്‍ തന്റെ സുഹൃത്തായതുകൊണ്ട് പൊക്കിപ്പറയുന്നതല്ലെന്നും ആ സിനിമ തന്നെ ശരിക്കും ഞെട്ടിച്ചെന്നും ബാലു കൂട്ടിച്ചേര്‍ത്തു.
മലയാളസിനിമ ഇവോള്‍വ് ചെയ്യുന്നുവെന്ന് പല ചര്‍ച്ചകളിലും ആളുകള്‍ പറയുന്ന സമയമാണ് ഇതെന്ന് ബാലു വര്‍ഗീസ് പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ ചെയ്ത് ഞെട്ടിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും അതില്‍ ഭ്രമയുഗം വിജയിച്ചെന്നും ബാലു കൂട്ടിച്ചേര്‍ത്തു. സിനിമ കണ്ട ശേഷം അര്‍ജുന്‍ അശോകനെ വിളിച്ച് സിനിമയെപ്പറ്റി സംസാരിച്ചെന്നും ബാലു വര്‍ഗീസ് പറഞ്ഞു.
എന്നാല്‍ അത് കേട്ട് പോയേടാ എന്ന് അര്‍ജുന്‍ തന്നോട് പറഞ്ഞെന്നും താന്‍ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതായി അര്‍ജുന തോന്നിയെന്നും ബാലു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ എന്ന് സ്വന്തം പുണ്യാളന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ബാലു വര്‍ഗീസ് ഇക്കാര്യം പറഞ്ഞത്.
‘മഞ്ഞുമ്മല്‍ ബോയ്‌സ് പലരുടെയും ഇഷ്ടസിനിമകളുടെ ലിസ്റ്റിലുണ്ട്. പക്ഷേ, എന്നെ വല്ലാതെ ഞെട്ടിച്ച സിനിമ ഭ്രമയുഗമാണ്. അര്‍ജുന്‍ അശോകന്‍ കൂടെയുള്ളതുകൊണ്ടല്ല ഇക്കാര്യം പറയുന്നത്. എന്നെ വല്ലാതെ ഞെട്ടിക്കാന്‍ ആ സിനിമക്ക് സാധിച്ചു. അതായത്, മലയാളസിനിമ വല്ലാതെ ഇവോള്‍വ് ചെയ്തിട്ടുണ്ടെന്ന് പലരും ഓരോ ചര്‍ച്ചകളില്‍ പറയുന്നുണ്ട്.
അപ്പോഴാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ നമ്മളെ ഞെട്ടിക്കുന്നത്. അത് ഒരു ചെറിയ കാര്യമല്ല. അതില്‍ ഭ്രമയുഗം എന്ന സിനിമ വിജയിച്ചിട്ടുണ്ട്. സിനിമ കണ്ടിട്ട് പലരും അര്‍ജുനെ വിളിച്ച് സംസാരിച്ചെന്ന് കേട്ടു. ഞാനും അവനെ വിളിച്ച് സംസാരിച്ചു. പക്ഷേ അത് കേട്ടിട്ട് അവന്‍ ‘ഒന്ന് പോയേടാ’ എന്നാണ് പറഞ്ഞത്. കളിയാക്കാനാണ് വിളിച്ചതെന്ന് അവന്‍ വിചാരിച്ചു,’ ബാലു വര്‍ഗീസ് പറഞ്ഞു.
Content Highlight: Balu Varghese says he wondered after watching Bramayaugam