| Saturday, 13th May 2023, 11:41 am

ഞാൻ ഈ ചിത്രത്തിലേക്ക് വരാൻ കാരണം ഉർവശി ചേച്ചി; ചേച്ചിയുടെ അഭിനയം വളരെ നാച്വറലാണ്: ബാലു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിലേക്ക് താൻ വരാനുള്ള കാരണം നടി ഉർവശിയാണെന്ന് നടൻ ബാലു വർഗീസ്.
അത്രയും പരിചയ സമ്പത്തുള്ള നടിയുടെ മകനായിട്ട് അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിനൊപ്പം ചെറിയ പേടിയുണ്ടായിരുന്നെന്നും ബാലു പറഞ്ഞു.

ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഒപ്പം തന്റെ പുതിയ ചിത്രമായ ചാൾസ് എന്റർപ്രൈസസിലെ വിശേഷങ്ങളും പങ്കുവച്ചു. കലൈയരസൻ , മൃദുല മാധവ് എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു.

‘ഞാൻ ചാൾസ് എന്റർപ്രൈസസിലേക്ക് വരാനുള്ള പ്രധാന കാരണം ഉർവ്വശി ചേച്ചിയാണ്. ചേച്ചിയുടെ കൂടെ അമ്മ- മകൻ എന്ന രീതിയിൽ ഇത്രയും സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റുക എന്നുള്ളത് വലിയൊരു ഭാഗ്യമാണ്. അതുകൊണ്ട് ഞാൻ വളരെ ആകാംക്ഷയിൽ ആയിരുന്നു.

ഇത്രയും വലിയൊരു ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കുന്നതിന്റെ പേടിയും എനിക്കുണ്ടായിരുന്നു.
പക്ഷെ, ആദ്യ ദിവസം തന്നെ ആ പേടിയൊക്കെ ചേച്ചി തകർത്ത് തന്നു. വളരെ എനെർജെറ്റിക്കും, പാഷനേറ്റും, സിനിമയെ വളരെ സ്നേഹിക്കുന്നതുമായ ആളാണ് ചേച്ചി. ഒരു സീൻ ഡെവലപ്പ് ചെയ്യുന്നതെങ്ങനെയാണെന്ന് നമുക്ക് കാണാൻ സാധിക്കും.

വലിയ കാരവാനൊക്കെ നമുക്ക് സെറ്റ് ചെയ്ത് തന്നിട്ടുണ്ടായിരുന്നെങ്കിലും, അവിടെ അങ്ങനൊരു കാരവൻ സിസ്റ്റം ഉണ്ടായിരുന്നില്ല. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ചിരിക്കും. അപ്പോൾ ചേച്ചിയുടെ കഥകളും എക്സ്പീരിയൻസുകളും ഈ ചിത്രത്തെപ്പറ്റിയുള്ള ഡിസ്കഷനുകളുമൊക്കെയാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. അത് വളരെ രസമായിരുന്നു.

ഇത്രയും വലിയൊരു ആർട്ടിസ്റ്റിൽ നിന്ന് അവരുടെ എക്സ്പീരിയൻസുകളും, സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടും മനസ്സിലാക്കാൻ കഴിഞ്ഞത് വളരെ വലിയൊരു കാര്യമാണ്.

ഉർവശിയുടെ മാത്രം ചില സമാനതകളില്ലാത്ത എക്സ്പ്രഷനുകളെപ്പറ്റിയുള്ള ചോദ്യത്തിന് ഉർവശി ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്ത് ചെയ്യുന്നതല്ലെന്നും അതൊക്കെ വളരെ സ്വാഭാവികമായി വരുന്നതാണെന്നുമാണ് ബാലു മറുപടി നൽകിയത്.

‘ചേച്ചി ഒരു എക്സ്പ്രഷനുകളും മുൻകൂട്ടി പ്ലാൻ ചെയ്ത് ചെയ്യുന്നതല്ല. എല്ലാം സ്വാഭാവികമായി വരുന്നതാണ്. അതുകൊണ്ടുതന്നെ അത് ഒരിക്കലും ഓവറായിട്ട് തോന്നാറുമില്ല. പണ്ടുമുതൽക്കേ ചേച്ചിയുടെ അഭിനയം വളരെ നാച്വറലാണ്. അതുകണ്ടിട്ട് ഞങ്ങൾ വളരെ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്.

ഉർവശി ഒരുപറ്റം ആളുകളുടെ മാത്രമല്ല എല്ലാവരുടെയും സ്വത്താണെന്ന് കലൈയരസൻ പറഞ്ഞു.

സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചാൾസ് എന്റർപ്രൈസസിന്റെ ചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ഉർവശി, കലൈയരസൻ, മൃദുല മാധവ്, ഷെബിൻ ബെൻസൺ, ഗുരു സോമസുന്ദരം, ഗീതി സംഗീത, മണികണ്ഠന്‍ ആചാരി തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലേത്.

Content highlights: Balu Varghese on Urvashi

We use cookies to give you the best possible experience. Learn more