ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് വിചിത്രം. സിനിമയുടെ പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ചിത്രം ഇപ്പോള്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാല്‍, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ്‌നാട്ടില്‍ സിനിമയിറങ്ങി മൂന്ന് ദിവസത്തേക്ക് റിവ്യൂ എഴുതാന്‍ പാടില്ലെന്ന തീരുമാനത്തില്‍ യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും, തിയേറ്ററില്‍ ബൈറ്റ് എടുക്കുന്നതിനെക്കുറിച്ചും പ്രതികരിക്കുകയാണ് ഷൈന്‍ ടോം ചാക്കോയും, ബാലു വര്‍ഗീസും.
‘ റിവ്യൂ എഴുതുന്നവരുടെ കയ്യും കാലും കെട്ടിയിടുമോ, അതെങ്ങനെ എഴുതാതിരിക്കുക? ആ റിവ്യൂസാണല്ലോ ആളെ പടത്തിന് കയറ്റുന്നതും കയറ്റാതിരിക്കുന്നതും. ഒരു സിനിമ മോശമാണെങ്കില്‍ നമുക്ക് ആ സിനിമയെ നന്നാക്കാന്‍ പറ്റില്ലല്ലോ, നല്ല സിനിമയാണെങ്കില്‍ അതിനെ മോശമാക്കാനും പറ്റില്ല. ഒരു പരിധിവരെ ആളുകളെ രണ്ട് ദിവസത്തേക്കൊക്കെ സിനിമക്ക് ആളുകളെ കയറ്റാന്‍ പറ്റും, കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ പറ്റുമെങ്കിലും, കൂടുതല്‍ സമയം അത് നിലനില്‍ക്കില്ല.
ഓണ്‍ലൈന്‍ പരിപാടികളിലൊക്കെ വിചിത്രമായ ചില രീതികളുണ്ട്. നല്ല സിനിമകളെ സംസാരിച്ച് ഒരു വൃത്തികെട്ട സിനിമയാണെന്നൊക്കെ പറഞ്ഞുണ്ടാക്കുന്ന ഒരു പരിപാടിയുണ്ട്. എങ്ങനെയായാലും സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ കണ്ടിരിക്കും. സിനിമ മോശമാണെങ്കില്‍ ആരും കാണില്ല,’ ബാലു വര്‍ഗീസും ഷൈന്‍ ടോമും പറഞ്ഞു.
അപ്പോള്‍ തമിഴ്‌നാട്ടില്‍ എടുത്ത തീരുമാനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലല്ലോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ‘എന്റെ പൊന്നു ചേട്ടാ ഞങ്ങളെ സ്റ്റാലിനേയും മറ്റുള്ളവരേയും ആയിട്ട് അടിപ്പിക്കരുതേ, ഞങ്ങള്‍ പാവങ്ങള്‍ ഞങ്ങള്‍ക്കൊന്നുമറിയില്ല’ എന്നാണ് ബാലു പ്രതികരിച്ചത്.
സിനിമ തീയേറ്ററില്‍ വെച്ച് പ്രേക്ഷകരുടെ ബൈറ്റ് എടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്:
‘ബൈറ്റ് എടുക്കുന്നതേ നല്ലതല്ല, ബൈറ്റ് എടുക്കുന്നവര്‍ ആദ്യം പടം കേറി കാണണം. അല്ലാതെ വെറുതെ പടം എങ്ങനെയുണ്ട്, പടം എങ്ങനെയുണ്ട് എന്ന് ചോദിച്ചിട്ട് എന്താ കാര്യം. പ്രത്യേകിച്ച് നമ്മളുടെ അടുത്തൊക്കെ അത് ചോദിക്കുമ്പോള്‍ സിനിമയെ കുറിച്ച് നല്ലതും പറയില്ല മോശവും പറയില്ല. നമ്മള്‍ അവിടുന്ന് ഓടുന്നതും ചാടുന്നതുമൊക്കെ ഇതുകൊണ്ടാണ്,’ എന്നാണ് ഷൈന്‍ പറഞ്ഞത്.