ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് ബാലു വര്‍ഗീസ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണിബീയിലൂടെ ബാലു ശ്രദ്ധേയനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബാലുവിന് സാധിച്ചു.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിലും ബാലു മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ബാലു വര്‍ഗീസ്. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടി ഇനിയൊന്നും തെളിയിക്കാന്‍ ബാക്കിയില്ലെന്ന് ബാലു വര്‍ഗീസ് പറഞ്ഞു.
അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന സിനിമകളൊന്നും കാശിന് വേണ്ടി ചെയ്യുന്നതല്ലെന്നും പുതിയ സബ്ജക്ടുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും ബാലു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. നാല്പതിലധികം വര്‍ഷങ്ങളായി സിനിമയില്‍ നിലനില്‍ക്കുന്ന നടനാണ് മമ്മൂട്ടിയെന്നും അതിന്റെ എക്‌സ്പീരിയന്‍സ് അദ്ദേഹത്തിന് ഒരുപാട് ഉണ്ടെന്നും ബാലു വര്‍ഗീസ് പറഞ്ഞു.
എന്നാല്‍ തന്നെപ്പോലെയുള്ള നടന്മാര്‍ ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമോ എന്നാലോചിച്ച് പേടിക്കാറുണ്ടെന്നും വളരെയധികം ശ്രദ്ധിച്ചാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും ബാലു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി എന്ന നടന്‍ അപ്പോഴും ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ബാലു പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ബാലു വര്‍ഗീസ്.
‘ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടി ഇനിയൊന്നും തെളിയിക്കാനില്ല. നാല്പത് വര്‍ഷത്തില്‍ കൂടുതലായി സിനിമയില്‍ നില്‍ക്കുന്ന അദ്ദേഹം എല്ലാ തരത്തിലും പ്രൂവ് ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ ഒരിക്കലും കാശിന് വേണ്ടിയല്ല ചെയ്യുന്നത്. ഭ്രമയുഗം, കാതല്‍ പോലുള്ള സിനിമകള്‍ അദ്ദേഹം ചെയ്യുന്നത് അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ്. പുതിയ സബ്ജക്ടുകള്‍ പ്രേക്ഷകരിലേക്കെത്തിക്കുക എന്ന് മാത്രമേ പുള്ളി ചിന്തിക്കുന്നുള്ളൂ.
ഞാനൊക്കെ ഓരോ സിനിമ ചെയ്ത് കഴിയുമ്പോഴും ടെന്‍ഷനാണ്. ഈ സിനിമ ഓഡിയന്‍സ് സ്വീകരിക്കുമോ, അടുത്ത സിനിമ എങ്ങനെയുള്ളതാകണം എന്നൊക്കെ. കാരണം, പ്രേക്ഷകര്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഐഡിയ കിട്ടില്ല. അത് ആലോചിച്ചാല്‍ തന്നെ നമുക്ക് ടെന്‍ഷന്‍ കേറും. അവിടെയാണ് മമ്മൂക്ക ഓരോ സിനിമയും വെറൈറ്റി സബ്ജക്ട് പിടിക്കുന്നത്,’ ബാലു വര്‍ഗീസ് പറഞ്ഞു.
Content Highlight: Balu Varghese about script selection of Mammootty