ബാള്‍ട്ടിമോര്‍ പാലം അപകടം; കാണാതായ ആറ് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു
Trending
ബാള്‍ട്ടിമോര്‍ പാലം അപകടം; കാണാതായ ആറ് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2024, 7:42 am

ന്യൂയോര്‍ക്: അമേരിക്കയില്‍ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന് കാണാതായ ആറ് പേര്‍ക്കുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 17 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് തെരച്ചില്‍ അവസാനിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡും പൊലീസും അറിയിച്ചത്.

തണുപ്പായതിനാല്‍ തന്നെ ഇത്രയും മണിക്കൂര്‍ അവര്‍ക്ക് അതിജീവിക്കാന്‍ സാധിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തെരച്ചില്‍ അവസാനിപ്പിച്ചത്. അവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച നടന്ന അപകടത്തില്‍ ആറ് പേരെയാണ് കാണാതായത്. ഇവര്‍ എല്ലാവരും പാലത്തില്‍ അറ്റകുറ്റ പണി എടുക്കുന്ന ജീവനക്കാരായിരുന്നു. കപ്പല്‍ പാലത്തില്‍ ഇടിച്ചതിന് പിന്നാലെയാണ് ഇവര്‍ താഴേക്ക് വീണത്.

എട്ട് പേരായിരുന്നു ആദ്യം അപകടത്തില്‍ പെട്ടത്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. തെരച്ചില്‍ അവസാനിപ്പിച്ചതിന് പിന്നാലെ പാലത്തില്‍ ഇടിച്ച കപ്പലില്‍ പരിശോധന നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകണമെങ്കില്‍ കപ്പലില്‍ പരിശോധന നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. അപകടം ഉണ്ടാകുന്നതിന് മുമ്പ് തുറമുഖ അധികൃതര്‍ക്ക് കപ്പലില്‍ നിന്നും സന്ദേശം ലഭിച്ചിരുന്നു. കപ്പലിലെ വൈദ്യുതി പൂര്‍ണമായും നിലച്ചിരിക്കുന്നതായാണ് സന്ദേശം ലഭിച്ചത്. മുന്നറിയിപ്പ് ലഭിച്ച ഉടന്‍ പാലത്തിന്റെ ഇരു വശങ്ങളിലും ഗതാഗതം നിര്‍ത്താന്‍ സാധിച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്.

കപ്പലിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടതിന് ശേഷമാണ് പാലത്തില്‍ ഇടിച്ചത്. അതേസമയം കപ്പലില്‍ ഉണ്ടായിരുന്ന 21 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന കഴിഞ്ഞതിന് ശേഷം മാത്രമേ അവരെ കപ്പലില്‍ നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളൂ.

Content Highlight: Baltimore bridge collapse: All six construction workers presumed dead, search ops suspended