തിരുവനന്തപുരം: സംസ്ഥാനത്തെ അരിവില വര്‍ധനവില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. സര്‍ക്കാര്‍ മൂന്ന് കോടി ജനങ്ങള്‍ക്കായി മൂന്ന് പുതിയ അരിക്കടകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതു വഴി വിലക്കയറ്റ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിച്ച സംസ്ഥാന സര്‍ക്കാരിനു അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും ബല്‍റാം പറഞ്ഞു.
സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന് ഭക്ഷ്യ മന്ത്രി നിയമസഭയില്‍ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയത്. അരി വില 50 രൂപയിലെത്തിയെന്നും ബല്‍റാം പോസ്റ്റില്‍ പറയുന്നു.
“മൂന്ന് കോടി ജനങ്ങള്‍ക്കായി മൂന്ന് പുതിയ അരിക്കടകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി ഓരോ അരിക്കടകള്‍ക്ക് മുന്നിലും ഓരോ കോടി ജനങ്ങള്‍ വീതം എത്രയും പെട്ടെന്ന് വരി വരിയായി നില്‍ക്കേണ്ടതാണ്. അരിവിലക്കയറ്റപ്രശ്‌നം പൂര്‍ണ്ണമായി പരിഹരിച്ച സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍” എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
സര്‍ക്കാര്‍ വിപണിയില്‍ വേണ്ടവിധം ഇടപെടല്‍ നടത്തുന്നില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നില്ലെന്നും പറഞ്ഞ് എം ഉമ്മര്‍ എം.എല്‍.എ സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വിലക്കയറ്റം ഉണ്ടെന്ന് മന്ത്രി സഭയില്‍ തുറന്ന് പറഞ്ഞത്. “അരി ഉത്പാദിക്കുന്ന സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പുറമെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞിരുന്നു.