സോള്‍: മാസങ്ങള്‍ കഴിഞ്ഞിട്ടും ‘ബലൂണ്‍ യുദ്ധ’ത്തിന് അറുതി വരുത്താതെ ഉത്തര കൊറിയയും ദക്ഷിണകൊറിയയും. മനുഷ്യവിസര്‍ജ്ജ്യം നിറച്ച ബലൂണുകള്‍ പറത്തിവിട്ട് ആരംഭിച്ച യുദ്ധം ഇപ്പോള്‍ ചപ്പുചവറുകളില്‍ എത്തി നില്‍ക്കുകയാണ്.
ഏറ്റവും ഒടുവിലായി ചപ്പുചവറുകളും തുണി അവശിഷ്ടങ്ങളും സിഗരറ്റ് കുറ്റിയും നിറച്ച 2000ത്തിലധികം ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടിരിക്കുകയാണ് ഉത്തര കൊറിയ.
ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വടക്കന്‍ ഭാഗത്തേക്ക് പറത്തിവിട്ട ദക്ഷിണ കൊറിയന്‍ സിവിലിയന്‍ ആക്ടിവിസ്റ്റുകളുടെ നടപടിക്ക് പ്രതികാരമായാണ് ഉത്തര കൊറിയയുടെ പുതിയ നടപടി. എന്നാല്‍ ബലൂണ്‍ പതിച്ച് ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതാദ്യമായല്ല ഉത്തരകൊറിയയും ദക്ഷിണകൊറിയയും ഇത്തരത്തില്‍ ബലൂണ്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്. ജപ്പാന്‍, യു.എസ് എന്നിവരുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ നടത്തിവരുന്ന സൈനികാഭ്യാസം ഉത്തര കൊറിയയുടെ അനിഷ്ടത്തിന് കാരണമായതോടെയാണ് ഇരു കൊറിയകളും തമ്മിലുള്ള ഈ ‘വിചിത്ര’യുദ്ധം ആരംഭിക്കുന്നത്.
കൂടാതെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് ഉത്തര കൊറിയ നിരന്തരം നടത്തുന്ന ആയുധ പരീക്ഷണ നടപടി ദക്ഷിണ കൊറിയയേയും ചൊടിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യുന്‍ സോക് യോളിന്റെ വസതിയുടെ മുറ്റത്ത് ബലൂണ്‍ വീണത് ആശങ്ക പടര്‍ത്തിയിരുന്നു. ഇതിലും നിറയെ ചപ്പുചവറുകളായിരുന്നു.
മെയ് മാസത്തിന്റെ അവസാനവാരത്തിലാണ് മാലിന്യങ്ങള്‍ നിറച്ച ബലൂണുകള്‍ ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്ക് അയച്ചു തുടങ്ങിയത്. കൃത്യമായ സമയങ്ങളില്‍ ബലൂണുകള്‍ പൊട്ടാന്‍ അവയില്‍ ടൈമറുകളും സെറ്റ് ചെയ്തിരുന്നു. ഇവയിലും കഴിഞ്ഞ തവണത്തെപ്പോലെ സിഗരറ്റ് കുറ്റികളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് നിറച്ചിരുന്നത്.
എന്നാല്‍ മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍ നിറച്ച മാലിന്യ ബലൂണ്‍ ദക്ഷിണ കൊറിയയില്‍ പതിച്ചെന്ന ആരോപണം ദക്ഷിണ കൊറിയന്‍ സൈന്യം നിഷേധിച്ചിരുന്നു. എന്നാല്‍ മാലിന്യ ബലൂണുകള്‍ക്ക് പകരമായി ഉത്തര കൊറിയയെ പാഠം പഠിപ്പിക്കാന്‍ ദക്ഷിണ കൊറിയ ഉച്ചഭാഷിണി പ്രയോഗം നടത്തിയിരുന്നു.
ഉത്തര കൊറിയന്‍ ഭരണകൂടത്തിന് കേള്‍ക്കുമ്പോള്‍ അനിഷ്ടം ഉണ്ടാക്കുന്ന കാര്യങ്ങളാണ് ഉച്ചഭാഷിണിയിലൂടെ പുറത്ത് വിടുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ദക്ഷിണ കൊറിയ ആദ്യമായി ഉച്ചഭാഷിണി പ്രയോഗവുമായി രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: Balloon war in Korea continues