മെസിക്കും റൊണാള്‍ഡോക്കും വോട്ട് ചെയ്യാനാകുമോ? ബാലണ്‍ ഡി ഓര്‍ ജേതാവിനെ തീരുമാനിക്കുന്നതിങ്ങനെ...
Sports News
മെസിക്കും റൊണാള്‍ഡോക്കും വോട്ട് ചെയ്യാനാകുമോ? ബാലണ്‍ ഡി ഓര്‍ ജേതാവിനെ തീരുമാനിക്കുന്നതിങ്ങനെ...
ആദര്‍ശ് എം.കെ.
Thursday, 5th September 2024, 9:30 pm

രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായി മെസിയും റൊണാള്‍ഡോയുമില്ലാത്ത ബാലണ്‍ ഡി ഓറിന്റെ സാധ്യതാ പട്ടിക പുറത്തുവന്നിരിക്കുകയാണ്. 2003 മുതല്‍ ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പെട്ടികയില്‍ ഇരുവരും എല്ലായ്‌പ്പോഴും ഇടം നേടിയിരുന്നു.

മെസിക്കും റൊണാള്‍ഡോക്കും ശേഷമുള്ള അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് ഫുട്‌ബോള്‍ ലോകം കടക്കുകയാണെന്ന വ്യക്തമായ സൂചനകൂടിയാണ് ഈ ചുരുക്കപ്പട്ടിക നല്‍കുന്നത്.

 

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് കടുത്ത മത്സരം തന്നെയാകും നടക്കുക. അര്‍ജന്റീനയുടെ ലൗട്ടാരോ മാര്‍ട്ടീനസ്, റയല്‍ സൂപ്പര്‍ താരവും ബ്രസീലിയന്‍ ഇന്റര്‍നാഷണലുമായ വിനീഷ്യസ് ജൂനിയര്‍ തുടങ്ങി പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

എങ്ങനെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത് എന്നതിനെ സംബന്ധിച്ചും ആര്‍ക്കൊക്കെ വോട്ടിങ്ങില്‍ പങ്കെടുക്കാം എന്നതിനെ സംബന്ധിച്ചും ചില ആരാധകരിലെങ്കിലും സംശയങ്ങളുണ്ടായിരിക്കാം. മുന്‍കാലങ്ങളിലേതെന്ന പോലെ വോട്ടിങ്ങിലൂടെ തന്നെയാണ് ഇത്തവണയും പുരസ്‌കാര ജേതാവിനെ നിര്‍ണയിക്കുന്നത്.

ആര്‍ക്കെല്ലാം വോട്ട് ചെയ്യാം?

പുരുഷ ഫുട്‌ബോളില്‍ ആദ്യ 100 റാങ്കിലും വനിതാ ഫുട്‌ബോളില്‍ ആദ്യ 50 റാങ്കിലുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ പാനലാണ് വോട്ടിങ്ങില്‍ പങ്കെടുക്കുക.

സ്‌കോറിങ് സിസ്റ്റം

ഇപ്പോള്‍ പുറത്തുവിട്ട ചുരുക്കപ്പെട്ടികയില്‍ നിന്നും ഇവര്‍ക്ക് അഞ്ച് താരങ്ങളെ റാങ്ക് ചെയ്യാം. ഈ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് പോയിന്റും ലഭിക്കും.

ഓരോ റാങ്കിനും ലഭിക്കുന്ന പോയിന്റുകള്‍ വ്യത്യസ്തമായിരിക്കും.

പോയിന്റ്

ഒന്നാം റാങ്ക് – ആറ് പോയിന്റ്
രണ്ടാം റാങ്ക് – നാല് പോയിന്റ്
മൂന്നാം റാങ്ക് – മൂന്ന് പോയിന്റ്
നാലാം റാങ്ക് – രണ്ട് പോയിന്റ്
അഞ്ചാം റാങ്ക് – ഒരു പോയിന്റ്

വോട്ടിങ്ങിനുള്ള മാനദണ്ഡം

2022 മുതല്‍, ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) താരത്തിന്റെ പ്രകടനം, ടീമിന്റെ വിജയം, കളിക്കളത്തിനകത്തും പുറത്തുമുള്ള പെരുമാറ്റം, ഫെയര്‍പ്ലേ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും വോട്ടിങ്.

ദേശീയ ടീമിന്റെ ക്യാപ്റ്റന്‍മാര്‍ക്കും പരിശീലകര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുമോ?

1956 മുതല്‍ ഒരു സീസണിലെ ഏറ്റവും മികച്ച താരത്തെ ആദരിക്കുന്നതിനായി ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന പുരസ്‌കാരമാണിത്. ആദ്യ കാലത്ത് ഇത് യൂറോപ്പിലെ താരങ്ങള്‍ക്ക് മാത്രമായിരുന്നു നല്‍കിയിരുന്നത്. പില്‍ക്കാലത്ത് മറ്റ് താരങ്ങളെയും പരിഗണിക്കുകയായിരുന്നു.

2010-2015 കാലഘട്ടത്തില്‍ ഫിഫയുമായുള്ള താത്കാലിക കരാറില്‍ ഈ പുരസ്‌കാരം ഫിഫ ബാലണ്‍ ഡി ഓര്‍ എന്ന പേരിലാണ് നല്‍കിയികിയിരുന്നത്. 2016ല്‍ ഈ പങ്കാളിത്തം അവസാനിക്കുകയും ചെയ്തു.

2016 മുതല്‍ ഫിഫ ബാലണ്‍ ഡി ഓര്‍, ഫ്രാന്‍സ് ഫുട്‌ബോളിന്റെ ബാലണ്‍ ഡി ഓര്‍ ആയി തിരിച്ചുവരികയും ഫിഫ തങ്ങളുടേതായ പുരസ്‌കാരം നല്‍കുകയുമായിരുന്നു.

ഫിഫ ബാലണ്‍ ഡി ഓര്‍ എന്ന പേരില്‍ ഈ പുരസ്‌കാരം അറിയപ്പെട്ടിരുന്ന കാലയലളവില്‍ വോട്ടിങ് രീതികള്‍ക്കും മാറ്റമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍മാര്‍ക്കും പരിശീലകര്‍ക്കും വോട്ടിങ്ങിനുള്ള അര്‍ഹതയുണ്ടായിരുന്നു.

മൂന്ന് താരങ്ങളെ, ഒന്ന്, രണ്ട്, മൂന്ന് എന്നീ റാങ്കിലേക്ക് ഇവര്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നു. അഞ്ച്, മൂന്ന്, ഒന്ന് എന്നിങ്ങനെയായിരുന്നു ഓരോ റാങ്കിനും ലഭിക്കുന്ന പോയിന്റ്. വോട്ടിങ്ങിന്റെ അവസാനം ഏറ്റവുമധികം പോയിന്റ് ലഭിക്കുന്ന താരത്തെ വിജയിയായി പ്രഖ്യാപിക്കും.

 

Content highlight: Ballon d’Or 2024: Voting rules and criteria 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.