ബാലണ്‍ ഡി ഓറിനുള്ള നോമിനേഷന്‍സ് പ്രഖ്യാപിച്ചു. 30 താരങ്ങളെയാണ് അവസാന ഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസി, മുന്‍ ജേതാവ് കരീം ബെന്‍സെമ, ബാഴ്‌സയുടെ പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരടക്കമുള്ള പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് 30 പേരുടെ അവസാന പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്ന പ്രധാന വസ്തുത.
സൂപ്പര്‍ താരം ലയണല്‍ മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കോപ്പ അമേരിക്കയും ഫൈനലിസീമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.
അര്‍ജന്റൈന്‍ നായകന്‍ ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
ഹാലണ്ടിന് പുറമെ ഏഴ് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
അര്‍ജന്റൈന്‍ നാഷണല്‍ ടീമില്‍ നിന്നും പല സൂപ്പര്‍ താരങ്ങളും പട്ടികയുടെ ഭാഗമാണ്. യുവതാരം ജൂലിയന്‍ അല്‍വാരസ്, അര്‍ജന്റീനക്ക് ലോകകപ്പ് കിരീടവും മറ്റ് കിരീടങ്ങളും നേടിക്കൊടുക്കാന്‍ മെസിക്കൊപ്പം നിര്‍ണായക പങ്കുവഹിച്ച എമിലിയാനോ മാര്‍ട്ടീനസ് എന്നിവരും പട്ടികയില്‍ ഇടം നേടി.
ലോകകപ്പില്‍ മൊറോക്കന്‍ മിറാക്കിളിന് വഴിയൊരുക്കിയ സൂപ്പര്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബൂണോയും അവസാന 30ല്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ അല്‍ ഹിലാലിന്റെ ഗോള്‍ കീപ്പറാണ് താരം.
ഏറെ നാളുകള്‍ക്ക് ശേഷം നാപ്പോളിയെ സീരി എ കിരീടം ചൂടിച്ച വിക്ടര്‍ ഒസിമെന്‍, ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ സ്വപ്‌ന കുതിപ്പിന് പ്രധാന പങ്കുവഹിച്ച ജൂഡ് ബെല്ലിങ്ഹാം എന്നിവരും അവസാന 30ല്‍ ഇടം പിടിച്ചിട്ടുണ്ട്.
ബാലണ്‍ ഡി ഓര്‍ 2023ന്റെ നോമിനേഷന്‍
1. ജോസ്‌കോ ഗ്വാര്‍ഡിയോള്‍ (മാഞ്ചസ്റ്റര്‍ സിറ്റി)
2.ആന്ദ്രേ ഒനാന (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)
3. കരീം ബെന്‍സെമ (അല്‍ ഇത്തിഹാദ്)
4. ജമാല്‍ മുസിയാല (ബയേണ്‍ മ്യൂണിക്)
5. മുഹമ്മദ് സല (ലിവര്‍പൂള്‍)
6. ജൂഡ് ബെല്ലിങ്ഹം (റയല്‍ മാഡ്രിഡ്)
7. ബുക്കായോ സാക്ക (ആഴ്‌സണല്‍)
8. റാന്‍ഡല്‍ കോളോ മുആനി (പി.എസ്.ജി)
9. കെവിന്‍ ഡി ബ്രൂയ്ന്‍ (മാഞ്ചസ്റ്റര്‍ സിറ്റി)
10. ബെര്‍ണാര്‍ഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി)
11. ഖവിച ഖവാരറ്റ്‌സ്‌ഖേലിയ (നാപ്പോളി)
12. എമിലിയാനോ മാര്‍ട്ടീനസ് (ആസ്റ്റണ്‍ വില്ല)
13. റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി)
14. നിക്കോളോ ബരേല (ഇന്റര്‍ മിലാന്‍)
15. എര്‍ലിങ് ഹാലണ്ട് (മാഞ്ചസ്റ്റര്‍ സിറ്റി)
16. മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് (ആഴ്‌സണല്‍)
17. ഇല്‍കായി ഗുണ്ടോഗാന്‍ (ബാഴ്‌സലോണ)
18. ജൂലിയന്‍ അല്‍വാരസ് (മാഞ്ചസ്റ്റര്‍ സിറ്റി)
19. യാസിന്‍ ബൂണോ (അല്‍ ഹിലാല്‍)
20. വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്)
21. റോഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി)
22. ആന്റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റികോ മാഡ്രിഡ്)
23. ലയണല്‍ മെസി (ഇന്റര്‍ മയാമി)
24. ലൗട്ടാരോ മാര്‍ട്ടീനസ് (ഇന്റര്‍ മിലാന്‍)
25. റോബര്‍ട്ട് ലെവന്‍ഡോസ്‌കി (ബാഴ്‌സലോണ)
26. കിലിയന്‍ എംബാപ്പെ (പി.എസ്.ജി)
27. കിം മിന്‍ ജേ (ബയേണ്‍ മ്യൂണിക്)
28. ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്)
29. ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്)
30. വിക്ടര്‍ ഒസിമെന്‍ (നാപ്പോളി)
Content highlight: Ballon d’Or 2023 nominations