തിരുവനന്തപുരം: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാകയുമേന്തി പങ്കെടുത്ത മലയാളിയായ വിന്‍സന്റ് പാലത്തിങ്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്നാണ് വല്ലാത്ത പഹയ്യന്‍ എന്ന ബ്ലോഗ് ചെയ്യുന്ന വിനോദ് നാരായണ്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്.
‘അല്പം unparlimentary ആണ്. ക്ഷമിക്കണം. ഇങ്ങനെ പറഞ്ഞാലെ ശരിയാവു. ഇനി ഭാരതത്തിന്റെ കൊടി എടുക്കുന്ന നേരം അവന് ഓര്‍മ്മ വരണം. ചോദിക്കും എന്ന്.’ എന്ന കുറിപ്പോടെയാണ് വിന്‍സന്റിനോടുള്ള പ്രതികരണ വീഡിയോ വല്ലാത്ത പഹയന്‍ പങ്കുവെച്ചത്.
‘ഇമ്മാതിരി ദേശഭക്തിയുള്ള ഒരു മലയാളി അവിടെ പോയിട്ട് നമ്മുടെ പേരൊക്കെ നാറ്റിക്കുക എന്നുപറഞ്ഞാല്‍, എനിക്ക് രണ്ട് കാര്യമാണ് അയാളോട് പറയാനുള്ളത്. ആരാണ് നീയെന്ന് അറിഞ്ഞുകൂടാ, പക്ഷെ എന്തിനാണ് മലയാളികളുടെ പേര് വെടക്കാക്കുന്നത്. നീ അവിടെ പോയിക്കോ, ആരെ വേണേല്‍ സപ്പോര്‍ട്ട് ചെയ്‌തോ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തോ, പക്ഷെ നീ എന്തിനാണ് ദേശീയ പതാകയുമായി പോയത്.
നീ ഏത് അസോസിയേഷന്റെ ആളാണ്. ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ആരെങ്കിലുമാണോ. നീ ഇന്ത്യന്‍ പൗരനാണോ, അതോ അമേരിക്കന്‍ പൗരനായിട്ടും ദേശഭക്തി മൂത്ത് സഹിക്കാന്‍ വയ്യാതായപ്പോള്‍ എടുത്ത് കൊണ്ടുപോയതാണോ.
ഇപ്പോള്‍ ആരെങ്കിലും അവനവന്റെ രാജ്യത്തിന്റെ പതാകക്ക് കീഴില്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ നീ അമേരിക്കന്‍ പതാകയുടെ കീഴിലല്ലേ നില്‍ക്കുക. ഞാന്‍ ഇന്ത്യന്‍ പതാകക്ക് കീഴിലാണ് നില്‍ക്കുക. ആ ഒരു പതാകയെടുത്ത് നീ ഇങ്ങനത്തെ ഒരു പരിപാടിക്ക് പോയത് നാറ്റക്കേസല്ലേടോ. ഒരു ഭാരതീയന്‍ എന്ന നിലയില്‍, മലയാളി എന്ന നിലയില്‍ അന്നോട് അതേലും ചോദിക്കേണ്ട. ലേശം ഉളുപ്പ്…
പതാകയും പൊതിഞ്ഞെടുത്ത് പോയത് എന്തിനാണ്. എന്നിട്ട് അവിടെ നിന്നും കുറെ ഫോട്ടോസും. എന്ത് മേസേജാണ് തരാന്‍ ഉദ്ദേശിക്കുന്നത്. മലയാളികളൊക്കെ നിന്റെ കൂടെയാണെന്നോ, അതോ തനിക്ക് തോന്നുന്ന പോലെ എടുത്ത് ഉപയോഗിക്കാനുള്ളതാണ് ദേശീയ പതാകയെന്നോ. മലയാളികളെ നാറ്റിക്കാന്‍ വേണ്ടി എവിടെ ചെന്നാലും ഓരോന്ന് ഉണ്ടാവും. ഇനി ഞാന്‍ പറഞ്ഞ മലയാളും മനസ്സിലായില്ലേല്‍ ഏതേലും മലയാളിയോട് ചോദിച്ച് മനസ്സിലാക്കിയാല്‍ മതി. മൈ** എന്തായാലും നിനക്ക് മനസ്സിലായിട്ടുണ്ടാവും. മൈ***’ വിനോദ് നാരായണ്‍ വീഡിയോയില്‍ പറയുന്നു.
അതേസമയം അക്രമിക്കാനല്ല, മാന്യമായ സമരത്തിന് മാത്രമാണ് പോയതെന്നാണ് സംഭവത്തില്‍ വിന്‍സന്റ് പാലത്തിങ്കല്‍ പ്രതികരിച്ചത്. പത്ത് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തിരുന്നെന്നും തങ്ങളെ അക്രമികളായി മുദ്ര കുത്തരുതെന്നും വിന്‍സന്റ് പറഞ്ഞു. വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നും വിന്‍സന്റ് പറയുന്നു. ഡെമോക്രാറ്റുകളാണ് നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കിയതെന്നും വിന്‍സന്റ് പറഞ്ഞു.
‘ ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. ഇത്തരം അക്രമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കില്ല. കാരണം ഇതിന്റെ പ്രശ്‌നം മുഴുവന്‍ ഉണ്ടായത് ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ കേസിന്റെ വാലിഡിറ്റിയാണ് നഷ്ടപ്പെട്ടത്.’ വിന്‍സന്റ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടക്കാനുള്ള നിരവധി സാധ്യതകളുണ്ടെന്ന് പറഞ്ഞ വിന്‍സന്റ് അത് തെളിയിക്കാന്‍ കുറച്ചു സമയം വേണമെന്നും പറഞ്ഞു. അഴിമതിയുണ്ടെന്ന് വൈസ് പ്രസിഡന്റിന് അറിയാം. അത് തെളിയിക്കാന്‍ പറ്റില്ലെന്ന് അറിഞ്ഞാല്‍ എല്ലാവരും അത് വിട്ടുകളഞ്ഞുപോകും. പക്ഷെ ട്രംപ് വ്യത്യസ്തനാണ്. അദ്ദേഹം പോരാടും. ആ അഴിമതി തടയാന്‍ ശ്രമിക്കുന്നു. അതിനാണ് ഞങ്ങള്‍ ട്രംപിനോട് നന്ദി പറയുന്നതെന്നും വിന്‍സന്റ് പറഞ്ഞു.
ട്രംപ് അനുകൂലികള്‍ക്കൊപ്പം ഇന്ത്യന്‍ പതാക പിടിച്ച് അണിചേര്‍ന്ന പ്രതിഷേധക്കാര്‍ക്കെതിരെ നേരത്തെ തന്നെ വിമര്‍ശനം ശക്തമായിരുന്നു. പാര്‍ലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ വരുണ്‍ ഗാന്ധിയടക്കമുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്.
‘എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക പാറുന്നത്? ഇത് തീര്‍ച്ചയായും നമ്മള്‍ പങ്കെടുക്കേണ്ടതില്ലാത്ത ഒരു പോരാട്ടമാണ്’ എന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്.
ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്.
”അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,” ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക