Advertisement
Music
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ അടിച്ചു കയറി ഈ 'ബല്ലാത്ത ജാതി' ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 08, 02:19 pm
Saturday, 8th June 2024, 7:49 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നീരജ് മാധവ്. താരവും റാപ്പര്‍മാരായ ഡാബ്‌സീയും ബേബി ജീനും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഒരു മ്യൂസിക് വീഡിയോ പുറത്തു വിട്ടിരുന്നു. ‘ബല്ലാത്ത ജാതി’ എന്ന മ്യൂസിക് വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു.

അതിശയിപ്പിക്കുന്ന മേക്കോവറിലാണ് നീരജും ഡാബ്‌സീയും ബേബി ജീനും ബല്ലാത്ത ജാതിയില്‍ എത്തിയത്. വീഡിയോയുടെ കോണ്‍സെപ്റ്റും മൂവരുടെയും വസ്ത്രങ്ങളും മ്യൂസിക് വീഡിയോ പുറത്തു വന്നതിന് പിന്നാലെ ചര്‍ച്ചായായിരുന്നു.

അഞ്ച് മിനുട്ട് 17 സെക്കന്റ് ദൈര്‍ഘ്യമുള്ള ബല്ലാത്ത ജാതി നീരജ് മാധവിന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഇപ്പോള്‍ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിട്ട് രണ്ട് ദിവസമായിട്ടും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി തുടരുകയാണ്.

ഇതുവരെ 1.8 മില്യണിലധികം ആളുകളാണ് ബല്ലാത്ത ജാതി കണ്ടിട്ടുള്ളത്. മലയാളത്തില്‍ ഇത്രയും മികച്ച റാപ്പ് സോങ്ങ് വേറെ കണ്ടിട്ടില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്. നീരജ് മാധവും ഡാബ്‌സീയും ബേബി ജീനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.

പ്രണവ് ശശിധരന്റെ സംവിധാനത്തില്‍ നീരജ് തന്നെയാണ് മ്യൂസിക് കംപോസ് ചെയ്ത് അറേഞ്ച് ചെയ്തത്. ദീപ്തി ജനാര്‍ദന്‍, അര്‍ച്ചന ജി.കെ., പാര്‍വതി ജി.കെ., വഫ അസ്‌ലം എന്നിവരാണ് ഫീമെയില്‍ കോറസ് പാടിയിരിക്കുന്നത്.


Content Highlight: Ballaatha Jaathi Musical Video Trending On Youtube