ക്രിക്കറ്റിനെ നടുക്കി വീണ്ടും പന്ത് ചുരണ്ടല്‍ (Ball Tampering) വിവാദം. നെതര്‍ലന്‍ഡ്‌സ്-അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരയ്ക്കിടയാണ് നെതര്‍ലഡ്‌സ് ടീം പന്തു ചുരണ്ടിയത്. എന്നാല്‍, സംഭവം ഉടന്‍ തന്നെ വെളിച്ചത്തു വരികയായിരുന്നു.
കളിയുടെ 31ാം ഓവറിലായിരുന്നു സംഭവം. നെതര്‍ലന്‍ഡ്‌സ് പേസര്‍ ബ്രാന്‍ഡന്‍ ഗ്ലോവറായിരുന്നു പന്തെറിഞ്ഞത്. അമ്പയര്‍ പന്ത് പരിശോധിക്കുന്നതിനിടെ പന്തില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തുകയും തുടര്‍ന്ന് പെനാല്‍റ്റിയിടുകയുമായിരുന്നു. അഞ്ച് റണ്‍സായിരുന്നു പെനാല്‍ട്ടി വിധിച്ചത്.
പന്ത് ചുരണ്ടല്‍ വ്യക്തമായതോടെ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി പന്ത് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പന്ത് ചുരണ്ടല്‍ കര്‍ശനമായി തന്നെ കാണാനാണ് ഐ.സി.സി നിര്‍ദേശിച്ചിരുന്നത്. ബൗളര്‍ക്ക് അനുകൂലമായി പിച്ചും ടേണും ലഭിക്കാനാണ് ഇത്തരത്തില്‍ ബോള്‍ ടാംപറിംഗ് നടത്തുന്നത്.
പന്തില്‍ ഏതെങ്കിലും തരത്തില്‍ അസാധാരണ മാറ്റം കണ്ടാല്‍ അമ്പയര്‍ക്ക് നടപടിയെടുക്കാമെന്നാണ് ഐ.സി.സി ചട്ടം. ഇതനുസരിച്ചാണ് അംപയര്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നടപടിയെടുത്തതും പെനാല്‍ട്ടി വിധിച്ചതും.
അതേസമയം, 75 റണ്‍സിന് മത്സരം അഫ്ഗാനിസ്ഥാന്‍ ജയിച്ചിരുന്നു. ഇതോടെ 3-0ന് പരമ്പരയും അഫ്ഗാന്‍ സ്വന്തമാക്കി.
നെതര്‍ലന്‍ഡ്‌സിനെതിരെയോ പന്ത് ചുരണ്ടിയ താരങ്ങള്‍ക്കെതിരെയോ കര്‍ശനമായ നടപടിയുണ്ടാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റ് ബോര്‍ഡ് തന്നെ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നടപടി സ്വീകരിക്കുമെന്നാണ് സൂചന.
നേരത്തെയും പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റില്‍ ഉടലെടുത്തിരുന്നു. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ പന്ത് ചുരണ്ടിയതായിരുന്നു വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
പന്ത് ചുരണ്ടലില്‍ ഏര്‍പ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെ കര്‍ശനമായ നടപടിയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ചത്. കളിക്കുന്നത് വിലക്കിയതടക്കമുള്ള മാതൃകാപരമായ ശിക്ഷാ നടപടികളായിരുന്നു ഇവര്‍ക്ക് നല്‍കിയത്.
ഇവര്‍ക്ക് പുറമെ ബോള്‍ ടാംപറിഗിന്റെ പേരില്‍ ഷാഹിദ് അഫ്രിദിക്കെതിരെയും മുമ്പ് വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. പന്തില്‍ കടിച്ചായിരുന്നു അഫ്രിദി ടാംപറിംഗിന് ശ്രമിച്ചത്.
Content highlight: Ball Tampering by Netherlands Cricket team in ODI against Afghanistan