ഹാമില്‍ട്ടണ്‍: ഹെല്‍മറ്റ് ധരിക്കാതെ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന് ഷൊയ്ബ് മാലിക്കിന് പന്ത് തലയില്‍ കൊണ്ട് പരിക്ക്. ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തിനിടെയായിരുന്നു സംഭവം.
32 ാം ഓവറില്‍ സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് മാലിക്കിന്റെ തലയില്‍ കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരം ഏറെ നേരം ഗ്രൗണ്ടില്‍ കിടന്നു. വൈദ്യസംഘമെത്തി പരിശോധിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ പന്തെറിയാന്‍ തുടങ്ങിയതോടെയാണ് മാലിക്ക് ഹെല്‍മറ്റ് ഒഴിവാക്കിയത്.
സിംഗിളെടുക്കാനായി സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന് ഓടിയിറങ്ങിയ മാലിക്ക് റണ്‍ഔട്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ച് ക്രീസിലേക്ക് തന്നെ ഓടുകയായിരുന്നു.
നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് ഹഫീസാണ് മാലിക്കിനെ തിരിച്ചയച്ചത്. ക്രീസിലേക്ക് ഓടിക്കയറുന്നതിനിടയില്‍ കിവീസ് ഫീല്‍ഡര്‍ മണ്‍റോ എറിഞ്ഞ പന്ത് മാലിക്കിന്റെ തലയില്‍കൊണ്ടു.
പരിക്കുപറ്റിയ ഉടന്‍തന്നെ മുഹമ്മദ് ഹഫീസും കീവിസ് താരങ്ങളും മാലിക്കിന് അടുത്തെത്തി. മത്സരശേഷം വിദഗ്ദ്ധ പരിശോധനക്ക് വിധേയനായ മാലിക്കിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പാകിസ്ഥാന്‍ ടീം ഡോക്ടര്‍ വി.ബി സിങ്ങ് വ്യക്തമാക്കി.
അതേസമയം നാലാം ഏകദിനത്തിലും പാകിസ്താന്‍ തോല്‍വി നേരിട്ടു. അഞ്ചു വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ നാലെണ്ണത്തിലും പാകിസ്ഥാന്‍ തോറ്റു. വെള്ളിയാഴ്ച്ച വെല്ലിങ്ടണിലാണ് അഞ്ചാം ഏകദിനം.
നേരത്തെ കളിക്കിടെ ബൗണ്‍സര്‍ തലയില്‍കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്‌സ് മരണപ്പെട്ടിരുന്നു.