| Wednesday, 17th August 2022, 8:14 am

'നിയമം കാറ്റില്‍ പറത്തി'; ബല്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹ്‌മദാബാദ്: ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗക്കേസില്‍ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് വിധിച്ചവരുടെയോ ശിക്ഷാ കാലവധിയില്‍ ഇളവ് വരുത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അര്‍ഹരായ തടവുകാരുടെ ശിക്ഷാകാലാവധിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജീവപര്യന്തം തടവുകാരെയും ബലാത്സംഗക്കേസില്‍ പ്രതിയായവരേയും ഇതില്‍ ഉള്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ രാധേശ്യം ഷാ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അവരെ വിട്ടയക്കണമെന്നായിരുന്നില്ല കോടതിയുടെ ആവശ്യം.

അതേസമയം തങ്ങള്‍ രാഷ്ട്രീയത്തിന്റെ ഇരകളാണെന്ന അവകാശവാദവുമായി ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ വിട്ടയക്കപ്പെട്ട പ്രതി ശൈലേഷ് ഭട്ട് രംഗത്തെത്തി. 2004ലാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. 18വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസം അനുഭവിച്ചുവെന്നും ഭട്ട് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ശൈലേഷ് ഭട്ട് ബി.ജെ.പി ഭാരവാഹിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ശൈലേഷിന്റെ സഹോദരന്‍ മിതേഷും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മിതേഷ് ഡയറി യൂണിറ്റില്‍ ക്ലാര്‍ക്കായിരുന്നു.

2002ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കീസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ബില്‍ക്കീസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു.

ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബില്‍ക്കീസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നു. 2008 ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഇതില്‍ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഐക്യകണ്ഠേന ഉത്തരവിട്ടത്.

Content Highlight: Balkis Banu gang-rape case released by the Gujarat government is a violation of law

We use cookies to give you the best possible experience. Learn more