തിരുവനന്തപുരം: ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളുമാണ് സംസ്ഥാനത്ത് അവധി നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജൂണ്‍ 29ന് കേരളത്തില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുമെന്ന് മതനേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
ജൂണ്‍ 28ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തി, കേരളത്തിലെ പെരുന്നാള്‍ ദിനമായ 29നും അവധി നല്‍കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം നിവേദനം നല്‍കിയിരുന്നു.
സര്‍ക്കാര്‍ 28നാണ് അവധി നേരത്തെ പ്രഖ്യാപിച്ചതെങ്കിലും മുസ്‌ലിങ്ങള്‍ ദുല്‍ഹിജ്ജ പത്തിന് ആചരിക്കുന്ന ബലി പെരുന്നാള്‍ കേരളത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ആണെന്നാണ് കേരളത്തിലെ ഖാദിമാര്‍ ഐക്യകണ്ഠേന പ്രഖ്യാപിച്ചത്. ഈ സാഹചരത്തില്‍ ജൂണ്‍ 28ലെ അവധി നിലനിര്‍ത്തി, പെരുന്നാള്‍ ദിനമായ 29നും അവധി നല്‍കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
കേരളത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് വിദ്യാലയങ്ങള്‍ക്ക് രണ്ട് ദിവസം അവധി നല്‍കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനവും നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനും വിദൂര ജില്ലകളിലുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും ഒരു ദിവസം കൂടി അവധി നല്‍കണം എന്നാണ് തമീമുദീന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
Content Highlights: Bali perunnal, two day public holiday in kerala