വിപണിയിലെത്തിച്ച പുത്തന്‍ മോഡലുകള്‍ക്ക് ആവശ്യം വര്‍ദ്ധിച്ചതോടെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഗുജറാത്ത് ശാലയെ ആശ്രയിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യ പാദം മുതല്‍ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഉല്‍പ്പാദനം ഹന്‍സാല്‍പൂരിലെ പുതിയ ശാലയിലേക്കു മാറ്റാനാണ് കമ്പനിയുടെ തയാറെടുപ്പ്.
ബലേനോയും പിന്നാലെ കോംപാക്ട് എസ്.യു.വിയായ വിറ്റാര ബ്രെസയും കൊയ്ത വിജയമാണ് മാരുതി സുസുക്കിയുടെ കാര്‍ നിര്‍മ്മാണ പദ്ധതിയാകെ താളം തെറ്റിച്ചത്. ഇരുമോഡലുകളും പ്രതീക്ഷകള്‍ക്കപ്പുറമുള്ള ബുക്കിങ് സ്വന്തമാക്കിയതോടെ വിപണിയുടെ ആവശ്യത്തിനൊത്ത് ബലേനോയും വിറ്റാര ബ്രെസയും നിര്‍മ്മിക്കാനാവാതെ വലയുകയാണ് മാരുതി സുസുക്കി.
ഹരിയാനയിലെ മനേസാറിലും ഗുരുഗ്രാമിലുമാണ് നിലവില്‍ മാരുതി സുസുക്കി നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ അഹമ്മദബാദിനടുത്ത് ഹന്‍സാല്‍പൂരില്‍ സ്ഥാപിക്കുന്ന പുതിയ ശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാവട്ടെ നിലവില്‍ അന്തിമഘട്ടത്തോടടുക്കുകയാണ്.
അടുത്ത വര്‍ഷത്തോടെ ഗുജറാത്ത് ശാല പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ ഇരു മോഡലുകളുടേയും ഉല്‍പ്പാദനം പൂര്‍ണമായി തന്നെ ഈ പ്ലാന്റിലേക്കു മാറ്റാനാണ് മാരുതി സുസുക്കിയുടെ ആലോചന. വിപണിക്കു പ്രിയങ്കരമായ കാറുകള്‍ക്കായി ഹന്‍സാല്‍പൂരിന്റെ ഉല്‍പ്പാദനശേഷി പൂര്‍ണമായും വിനിയോഗിക്കുന്നതോടെ ഇരുമോഡലുകള്‍ക്കുമുള്ള കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.